വിള ഇൻഷ്വറൻസിൽ കൂടുതൽ കർഷകരെ ഉൾപ്പെടുത്താൻ 16 മുതൽ കാന്പയിൻ
Thursday, August 7, 2025 2:24 AM IST
ന്യൂഡൽഹി: ഖാരിഫ് സീസണിൽ പരമാവധി കർഷകരെ വിള ഇൻഷ്വറൻസിൽ ഉൾപ്പെടുത്തുന്നതിനായി ഈമാസം 16 മുതൽ 30 വരെ കാമ്പയിൻ നടത്തുമെന്ന് കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
ബാങ്കധികൃതരുമായും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായും നടത്തിയ ഓൺലൈൻ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എല്ലാ ബാങ്കുകളും ഗ്രാമവികസന മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിപ്രകാരമുള്ള വായ്പാതുക വർധിപ്പിക്കണമെന്നും വിദൂരവും എത്തിച്ചേരാനാകാത്തതുമായ പ്രദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള മഹായജ്ഞം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഗ്രാമങ്ങളില്ലാതെ ഇന്ത്യയെ അറിയാൻ കഴിയാത്തതുപോലെ, കൃഷിയില്ലാതെ നമ്മുടെ രാജ്യത്തെയും അറിയാൻ കഴിയില്ല.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണു കൃഷി. കർഷകർ അതിന്റെ ആത്മാവും ജീവനുമാണ്. കർഷകരുടെ, പ്രത്യേകിച്ച് ദരിദ്രരുടെയും ഗ്രാമീണരുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് മോദിസർക്കാർ പ്രതിജ്ഞാബദ്ധമാണ്-മന്ത്രി പറഞ്ഞു. വിവിധ പദ്ധതികൾക്കു ബാങ്കുകൾ നൽകുന്ന പിന്തുണയെ മന്ത്രി അഭിനന്ദിച്ചു.
വായ്പകൾ വനിതാസംരംഭകരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബാങ്കുകൾ ശ്രദ്ധിക്കണം. സ്വയംസഹായ സംഘങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീശക്തീകരണത്തിന്റെ പര്യായമായി സ്വയംസഹായ സംഘങ്ങൾ മാറിയിരിക്കുന്നു. സ്വയംസഹായ ഗ്രൂപ്പുകളിൽ മാത്രമല്ല, വ്യക്തിഗത വായ്പകളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. -മന്ത്രി പറഞ്ഞു.
കേന്ദ്ര കൃഷി സെക്രട്ടറി ദേവേഷ് ചതുർവേദി, ഗ്രാമവികസന സെക്രട്ടറി ശൈലേഷ് സിംഗ് എന്നിവരും വിവിധ ബാങ്കുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും അഭിപ്രായങ്ങൾ പങ്കുവച്ചു.