ധർമസ്ഥലയിലെ പരിശോധനകൾ കാടിനുള്ളിലേക്കും
Thursday, August 7, 2025 2:24 AM IST
മംഗളൂരു: ധർമസ്ഥലയിലെ മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലുകളെത്തുടർന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനകൾ കാടിനുള്ളിലേക്കും നീങ്ങുന്നു. നേരത്തേ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങൾക്കു പുറമേ കാടിനകത്ത് പുതിയ ചില സ്ഥലങ്ങൾകൂടി പരാതിക്കാരൻ ചൂണ്ടിക്കാട്ടിയതായാണു സൂചന.
നേരത്തേ നേത്രാവതി പുഴക്കരയിൽ പരാതിക്കാരൻ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിൽനിന്നു മനുഷ്യാവശിഷ്ടങ്ങളൊന്നും ലഭിച്ചിരുന്നില്ല. തുടക്കത്തിൽ ചൂണ്ടിക്കാട്ടിയ 15 സ്ഥലങ്ങളിൽ ഒരിടത്തു മാത്രമാണ് ഇനി കുഴിച്ചുനോക്കാൻ ബാക്കിയുള്ളത്.
പതിമൂന്നാമതായി അടയാളപ്പെടുത്തിയിരുന്ന ഈ സ്ഥലവും കാടിനകത്താണ്. ഇവിടെ കുഴിക്കുന്നതിനു മുമ്പ് റഡാർ പരിശോധന നടത്താനും നീക്കമുണ്ടെന്നാണു സൂചന.
ധർമസ്ഥല ആക്ഷൻ കമ്മിറ്റി ഭാരവാഹിയായ ജയന്തും നാട്ടുകാരിൽ ചിലരും മറ്റു ചില സ്ഥലങ്ങൾകൂടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാടിനകത്തുനിന്ന് കഴിഞ്ഞദിവസം ശേഖരിച്ച അസ്ഥികളിൽ ഫോറൻസിക് പരിശോധന നടത്തിയപ്പോൾ വിഷാംശം കണ്ടെത്തിയതായും സൂചനയുണ്ട്.
ഇതിനിടയിൽ പരിശോധനകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കു നേരെ ധർമസ്ഥല സ്നാനഘട്ടത്തിനു സമീപത്തുവച്ച് നാട്ടുകാരായ ക്രിമിനൽ സംഘത്തിന്റെ കൈയേറ്റമുണ്ടായി.