ധരാലി മിന്നൽപ്രളയം; നൂറിലേറെ പേരെ കാണാനില്ല, മലയാളികൾ സുരക്ഷിതർ
Thursday, August 7, 2025 2:24 AM IST
ഉത്തരകാശി: മിന്നൽപ്രളയം തകർത്തു തരിപ്പണമാക്കിയ ധരാലിയിൽ രക്ഷാപ്രവർത്തനം ദുഷ്കരം. 11 സൈനികരടക്കം നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 100 പേരെ രക്ഷപ്പെടുത്തിയെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. ഇന്നലെ രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു.
മലയാളികളായ 28 ടൂറിസ്റ്റുകൾ കുടുങ്ങി. ഇവരിൽ എട്ടു പേർ കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ളവരും 20 പേർ മഹാരാഷ്ട്രയിൽ താമസിക്കുന്നവരുമാണ്. മലയാളികളെല്ലാം സുരക്ഷിതരാണെന്നു വിവരം ലഭിച്ചു. ഇവരെ തിരിച്ചെത്തിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ നടപടിയെടുക്കും.
ഇന്നലെ വൈകുന്നേരത്തോടെ എൻഡിആർഫിന്റെ ഒരു സംഘം ധരാലിയിലെത്തി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. റോഡുകളെല്ലാം തകർന്നു. ഐടിബിപി, കരസേന, എസ്ഡിആർഎഫ് സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തിവരുന്നു. ഋഷികേശ്-ഉത്തരകാശി ഹൈവേയിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായതുമൂലം കൂടുതൽ രക്ഷാപ്രവർത്തകർക്ക് ധരാലിയിലെത്താൻ കഴിയുന്നില്ലെന്ന് എൻഡിആർഎഫ് ഡിഐജി മോഹ്സെൻ ഷാഹേദി പറഞ്ഞു.
ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഉത്തരാഖണ്ഡിൽനിന്നുള്ള അഞ്ച് എംപിമാരുമായി പാർലമെന്റ് ഹൗസിൽവച്ച് കൂടിക്കാഴ്ച നടത്തി. ഇന്നലെ മുഖ്യമന്ത്രി ധാമി അപകടസ്ഥലം സന്ദർശിച്ചു. കാണാതായവരുടെ ബന്ധുക്കളെ സന്ദർശിച്ചു.