തീരുവനിരക്ക് നിശ്ചയിച്ചിട്ടില്ലെന്ന് ട്രംപ്
Thursday, August 7, 2025 2:24 AM IST
വാഷിംഗ്ടൺ: റഷ്യയുമായി വ്യാപാരത്തിലേർപ്പെടുന്ന രാജ്യങ്ങൾക്കുമേൽ ചുമത്തേണ്ട പ്രത്യേക തീരുവനിരക്ക് നിശ്ചയിച്ചിട്ടില്ലെന്നും 100 ശതമാനം തീരുവ എന്നത് അഭ്യൂഹങ്ങളാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2028 ൽ നടക്കാനിരിക്കുന്ന ലോസ് ആഞ്ചലസ് ഒളിന്പിക്സിനെക്കുറിച്ച് ചർച്ച ചെയ്യാനായി വൈറ്റ് ഹൗസിൽ ചേർന്ന യോഗത്തിനിടെയായിരുന്നു ട്രംപിന്റെ പരാമർശം.
“നാളെ റഷ്യയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്താണ് സംഭവിക്കുകയെന്ന് നമുക്കു നോക്കാം”, ട്രംപ് പറഞ്ഞു. അതേസമയം, ഇന്ത്യയോട് റഷ്യൻ എണ്ണ വാങ്ങരുതെന്ന് ആവശ്യപ്പെടുന്ന ട്രംപ്, ചൈനയോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് മുൻ യുഎസ് അംബാസഡർ നിക്കി ഹേലി കുറ്റപ്പെടുത്തി.
റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിൽനിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന ചൈനയ്ക്ക് 90 ദിവസത്തേക്കു താരിഫിൽ ആശ്വാസം നൽകുന്നതും ഇന്ത്യയെപ്പോലൊരു ശക്തനായ സഖ്യകക്ഷിയെ ആട്ടിയകറ്റുന്നതും അംഗീകരിക്കാനാവില്ലെന്ന് അവർ എക്സിൽ കുറിച്ചു.