ഏഴു വർഷത്തിനുശേഷം മോദി ചൈനയിലേക്ക്
Thursday, August 7, 2025 2:24 AM IST
ന്യൂഡല്‍ഹി: ഏഴു വർഷത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുന്നു. ചൈനയില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് (എസ്സിഒ) ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണു റിപ്പോര്‍ട്ട്.
ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ ടിയാന്‍ജിന്‍ സിറ്റിയിലാണ് ഉച്ചകോടി. പ്രാദേശിക സുരക്ഷ, ഭീകരവാദം, വ്യാപാരം തുടങ്ങിയ വിഷയങ്ങളാകും എസ്സിഒ ഉച്ചകോടിയില്‍ ചര്‍ച്ചയാകുക.
ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. 2018 ജൂണിലാണ് മോദി അവസാനമായി ചൈന സന്ദർശിച്ചത്.എന്നാൽ, ഉച്ചകോടിക്കിടെ മോദി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
2020ലെ ഗാല്‍വന്‍ സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് മോദി ചൈന സന്ദര്‍ശിക്കുന്നത്. ചൈന സന്ദര്‍ശനത്തിനു മുന്നോടിയായി ഓഗസ്റ്റ് 30ന് മോദി ജപ്പാനും സന്ദര്‍ശിക്കും. അതേസമയം, മോദിയുടെ ജപ്പാൻ, ചൈന സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.