കെപിസിസി, ഡിസിസി പട്ടിക: അന്തിമധാരണ നീളുന്നു
Thursday, August 7, 2025 2:24 AM IST
ന്യൂഡൽഹി: കെപിസിസി, ഡിസിസി അഴിച്ചുപണിക്കായുള്ള നേതാക്കളുടെ ഏകദേശ വിശാലപട്ടികയ്ക്കു ഡൽഹി ചർച്ചയുടെ രണ്ടാംദിവസം രൂപം നൽകിയെങ്കിലും ജില്ലകളും പുതിയ ഭാരവാഹികളും സംബന്ധിച്ച് അന്തിമധാരണ നീളുന്നു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ ഇന്നലെ പലതലത്തിൽ നടത്തിയ കൂടിയാലോചനകളുടെ തുടർച്ചയായി രാത്രി വൈകിയും അന്തിമപട്ടിക തയാറാക്കാനുള്ള ശ്രമം തുടർന്നു. പ്രധാന കാര്യങ്ങളിലും പേരുകളിലും തീരുമാനമെടുത്തശേഷം ഹൈക്കമാൻഡുമായി ആലോചിച്ചാകും അന്തിമതീരുമാനം.
കെപിസിസിയും ഡിസിസികളും വിപുലീകരിക്കാതെ പറ്റില്ലെന്ന കാര്യത്തിൽ നേതാക്കൾ യോജിച്ചു. എന്നാൽ, ജംബോ കമ്മിറ്റികൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ഹൈക്കമാൻഡിന്റെ മുന്നറിയിപ്പുകൂടി കണക്കിലെടുത്ത് കമ്മിറ്റികളുടെ വലിപ്പം കഴിയുന്നത്ര കുറയ്ക്കാനുള്ള ശ്രമം രാത്രി വൈകിയും തുടർന്നു.
എംപിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും നിലവിലെ ഭാരവാഹികളും നൽകിയ അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് ഏകദേശ പട്ടിക തയാറാക്കിയത്. ഇതിൽനിന്ന് ആരെ മാറ്റണം, ആരെ കൊള്ളണമെന്നതിൽ ഭിന്നതയുണ്ട്. ഇക്കാര്യത്തിൽ ഇന്നെങ്കിലും സമവായമുണ്ടാക്കാനാണു സണ്ണി ജോസഫും സതീശനും ദീപാദാസും ശ്രമിക്കുന്നത്.
പ്രവർത്തകസമിതിയംഗമായ ശശി തരൂരിനെ ചെന്നുകണ്ട് സണ്ണി ജോസഫ് അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞു. പ്രിയങ്ക ഗാന്ധി വദ്ര, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുമായും നേതാക്കൾ പല ഘട്ടങ്ങളിലായി ആശയവിനിമയം നടത്തി. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറന്പിൽ എന്നിവരും പല തലത്തിൽ നടന്ന ചർച്ചകളിൽ പങ്കാളികളായി. യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ്, മുതിർന്ന എംപിമാരായ ബെന്നി ബെഹനാൻ, എം.കെ. രാഘവൻ, ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ തുടങ്ങിയവരും നേതാക്കളെ കണ്ട് തങ്ങളുടെ അഭിപ്രായങ്ങൾ അറിയിച്ചു.
തൃശൂർ ഒഴികെ എല്ലാ ഡിസിസികളിലും പുതിയ പ്രസിഡന്റുമാരും ഭാരവാഹികളും വേണമെന്ന നിർദേശം ശക്തമാണെങ്കിലും അതുണ്ടായേക്കില്ല. ഏഴു മുതൽ ഒന്പതു വരെ ജില്ലകളിലെങ്കിലും പുതിയ അധ്യക്ഷന്മാരെ നിയോഗിക്കാനാണു സാധ്യത.
അഞ്ചു ജില്ലകളിലെങ്കിലും പുതിയ ഡിസിസി പ്രസിഡന്റുസ്ഥാനത്തേക്ക് ഒന്നിലേറെ പേരുകൾ ഇന്നലെയുമുണ്ട്. എല്ലാ ജില്ലകളിലും ഒരു പേരിലേക്കു കൊണ്ടുവരാനാണ് രാത്രി വൈകി കേരള ഹൗസിൽ നിന്നു മാറി മറ്റൊരു കേന്ദ്രത്തിൽ നടത്തിയ ചർച്ചകളിൽ നേതാക്കൾ ശ്രമിച്ചത്.