ബിഹാർ കരട് വോട്ടർപട്ടിക; സുപ്രീംകോടതി ഇടപെടുന്നു; കമ്മീഷന്റെ പ്രതികരണം തേടി
Thursday, August 7, 2025 2:24 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷൻ ഈ മാസം ഒന്നിനു പ്രസിദ്ധീകരിച്ച ബിഹാറിലെ കരട് വോട്ടർപട്ടികയിൽനിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ഹർജിയിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രതികരണം തേടി സുപ്രീംകോടതി.
കരട് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയവരുടെ വിശദാംശങ്ങൾ നൽകാൻ തെരഞ്ഞെടുപ്പു കമ്മീഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണു സുപ്രീംകോടതിയെ സമീപിച്ചത്. വോട്ടർ പട്ടികയിൽനിന്ന് 65 ലക്ഷം പേർ ഒഴിവാക്കപ്പെട്ടതായും ഇതിൽ 32 ലക്ഷം പേർ കുടിയേറ്റക്കാരാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെടുന്നു. എന്നാൽ, വിശദാംശങ്ങളൊന്നും കമ്മീഷൻ പുറത്തുവിട്ടിട്ടില്ല. ഇതു പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തയാറാകണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് കോടതിയിൽ ആവശ്യപ്പെട്ടു. ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണു ഹർജി പരാമർശിച്ചത്.
എസ്ഐആർ വിഷയത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പിന്തുടരുന്ന നടപടിക്രമമനുസരിച്ച് ഓരോ രാഷ്ട്രീയ പാർട്ടിയുടെയും പ്രതിനിധികൾക്കു വിവരങ്ങൾ നൽകിയിട്ടുണ്ടാകുമെന്ന് ജസ്റ്റീസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. ഇവ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു. ഈ മാസം ഒന്പതിനുമുന്പായി തെരഞ്ഞെടുപ്പു കമ്മീഷന്റെ മറുപടി സമർപ്പിക്കാനാണു കോടതിയുടെ നിർദേശം.
എന്തൊക്കെ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അപ്പോൾ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ഈ മാസം ഒന്നിന് തെരഞ്ഞെടുപ്പു കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 65 ലക്ഷം പേരെ നീക്കം ചെയ്തുവെന്നും ഈ പട്ടിക രാഷ്ട്രീയ പാർട്ടികളുടെ ബൂത്തുതല ഏജന്റുമാർക്ക് കൈമാറിയിട്ടുണ്ടെന്നും എന്നാൽ പേര് നീക്കം ചെയ്തതിന്റെ കാരണം പട്ടികയിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും ഹർജിക്കാർ വാദിക്കുന്നു. വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണത്തിനെതിരേ സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ ഈ മാസം 12നാണ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നത്.