എംപിയുടെ സ്വർണമാല കവർന്ന മോഷ്ടാവ് പിടിയിൽ
Thursday, August 7, 2025 2:24 AM IST
ന്യൂഡൽഹി: ഡൽഹിയിലെ അതീവസുരക്ഷാ മേഖലയിൽ തമിഴ്നാട് എംപി ആർ. സുധയുടെ സ്വർണമാല തട്ടിപ്പറിച്ച സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.
മോഷണം, പിടിച്ചുപറി എന്നിവയുമായി ബന്ധപ്പെട്ട 26 ക്രിമിനൽ കേസുകളിൽ പ്രതിയായ സോഹൻ റാവത്തിനെ(24)യാണു പോലീസ് കസ്റ്റഡിയിലെടുത്തത്. മോഷണം പോയ നാലു പവനോളം വരുന്ന മാല അന്വേഷണസംഘം ഇയാളിൽനിന്നു കണ്ടെടുത്തു.
മറ്റൊരു കേസിൽ ജയിലിലായിരുന്ന സോഹൻ ജൂണ്‍ 27ന് ജാമ്യത്തിൽ ഇറങ്ങിയതിനുശേഷമാണ് മാല പൊട്ടിക്കൽ കേസിൽ പിടിയിലാകുന്നത്. പ്രതി ഉപയോഗിച്ചുവന്ന മോഷ്ടിച്ച സ്കൂട്ടറും മോഷ്ടിച്ച നാല് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെയടക്കം സഹായത്തോടെ ഇന്നലെ രാവിലെയാണു പോലീസ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ അതീവ സുരക്ഷാമേഖലയായ ചാണക്യപുരിയിൽ പോളണ്ട് എംബസിക്കു മുന്പിൽ വച്ചായിരുന്നു സംഭവം. രാജ്യസഭാ എംപി രാജാത്തി സൽമയ്ക്കൊപ്പം നടക്കാനിറങ്ങിയപ്പോൾ സ്കൂട്ടറിലെത്തിയ പ്രതി സുധ ധരിച്ചിരുന്ന മാല പൊട്ടിക്കുകയായിരുന്നു. മാല വലിച്ചതിനെത്തുടർന്ന് സുധയുടെ കഴുത്തിൽ സാരമായ മുറിവേൽക്കുകയും ചെയ്തു.