ഹിരോഷിമാദിനം ആചരിച്ച് ലോകം; ശാശ്വത സമാധാനത്തിന് ആഹ്വാനം ചെയ്ത് മാർപാപ്പ
Thursday, August 7, 2025 2:24 AM IST
ഹിരോഷിമ(ജപ്പാൻ): ജപ്പാൻ നഗരമായ ഹിരോഷിമയിൽ അണുബോംബുകൾ സർവനാശം വിതച്ചതിന്റെ 80ാം വാർഷികം ആചരിച്ചു ലോകം.
ഹിരോഷിമ നഗരത്തിലെ ഹിരോഷിമ സമാധാന സ്മാരക പാർക്കിൽ ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയടക്കമുള്ള പ്രമുഖർ പുഷ്പചക്രം അർപ്പിക്കുകയും മൗനാചരണം നടത്തുകയും ചെയ്തു.
ആണവ നിരായുധീകരണത്തെച്ചൊല്ലി അന്താരാഷ്ട്ര സമൂഹത്തിനുള്ളിലെ ഭിന്നതകൾ ശക്തമാകുകയാണെന്നും നിലവിലെ അന്തരീക്ഷം കൂടുതൽ രൂക്ഷമാകുകയാണെന്നും അനുസ്മരണച്ചടങ്ങിൽ സംസാരിക്കവെ ജാപ്പനീസ് പ്രധാനമന്ത്രി പറഞ്ഞു.
ഹിരോഷിമയിൽ അണുബോംബാക്രമണത്തിൽ കൊല്ലപ്പെട്ട പതിനായിരങ്ങളെ അനുസ്മരിച്ച ലെയോ പതിനാലാമൻ മാർപാപ്പ, ഈ ദിനാചരണം സമാധാനത്തിനായുള്ള നമ്മുടെ പ്രതിബദ്ധതയെ ഉറപ്പിക്കുന്നതാകട്ടേയെന്നു പറഞ്ഞു. എട്ടു പതിറ്റാണ്ടായി നമ്മുടെ മനസിലെ നീറുന്ന ഓർമയാണിത്.
തീവ്രമായ ഭിന്നതകളും മാരകമായ അക്രമങ്ങളും നിറഞ്ഞ ഇന്നത്തെ ലോകം പരസ്പര നാശത്തിന്റെ ഭീഷണിയെ അടിസ്ഥാനമാക്കിയുള്ള തെറ്റായ സുരക്ഷിതത്വബോധത്തെ നീതി, തുറന്ന സംഭാഷണം, സാഹോദര്യത്തിലുള്ള വിശ്വാസം എന്നിവയാൽ മറികടക്കട്ടേയെന്നു പ്രത്യാശിക്കുന്നതായും മാർപാപ്പ പറഞ്ഞു.
അണുബോംബാക്രമണത്തിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് ഹിരോഷിമ രൂപത ബിഷപ് അലക്സിസ് എം. ഷിരാഹാമയ്ക്ക് അയച്ച സന്ദേശത്തിൽ, ശാശ്വത സമാധാനത്തിനും ആണവായുധങ്ങൾ അവസാനിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത പുതുക്കാൻ മാർപാപ്പ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
ദിനാചരണത്തോടനുബന്ധിച്ചു ഹിരോഷിമ കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയിൽ ജപ്പാനിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് ഫ്രാൻസിസ്കോ എസ്കാലന്റെ മൊളിന മാർപാപ്പയുടെ സന്ദേശം വായിച്ചു.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ലോകമെങ്ങും പ്രാർഥനകളും പ്രത്യേക അനുസ്മരണപരിപാടികളും സമാധാനറാലികളും നടന്നു.