ഓ മൈ ഫ്രണ്ട്! ഇന്ത്യക്ക് ട്രംപിന്റെ തീരുവ 50%
Thursday, August 7, 2025 2:24 AM IST
വാഷിംഗ്ടൺ ഡിസി/ന്യൂഡൽഹി: ഇന്ത്യക്കുള്ള ഇറക്കുമതി തീരുവ ഇരട്ടിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 25 ശതമാനം അധികതീരുവയാണ് ഇന്ത്യക്കുമേൽ ഇന്നലെ ചുമത്തിയത്. ഇതോടെ ആകെ തീരുവ 50 ശതമാനമായി. തീരുവ കൂട്ടിയ ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.
റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതാണ് ട്രംപിന്റെ പ്രകോപനത്തിനു കാരണം. ഇന്ത്യയുടെ ടെക്സ്റ്റൈൽ, സമുദ്രോത്പന്ന, ലെതർ ഇനങ്ങളുടെ കയറ്റുമതിയെ ദോഷകരമായി ബാധിക്കുന്നതാണു ട്രംപിന്റെ തീരുമാനം.
8,650 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് അമേരിക്കയിലേക്ക് ഒരു വർഷം ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. അമേരിക്കയുടെ നടപടി നീതീകരിക്കാനാകാത്തതും യുക്തിരഹിതവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ദേശീയതാത്പര്യം സംരക്ഷിക്കാനുള്ള എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ജൂലൈ 30ന് ഇന്ത്യക്കുമേൽ നേരത്തേ ചുമത്തിയ 25 ശതമാനം തീരുവ ഇന്നു പ്രാബല്യത്തിലാകും. അധികമായി ചുമത്തിയ തീരുവ 27നാണ് പ്രാബല്യത്തിലാകുക. 25 ശതമാനം തീരുവകൂടി വർധിപ്പിച്ചതോടെ അമേരിക്ക ഏറ്റവും ഉയർന്ന തീരുവ ഏർപ്പെടുത്തിയ രാജ്യമായി ഇന്ത്യ മാറി.
ബ്രസീലിനും 50 ശതമാനമാണു തീരുവ. ചൈനയ്ക്ക് 30ഉം പാക്കിസ്ഥാന് 19ഉം ശതമാനമാണു തീരുവ. ഇന്ത്യക്കുള്ള തീരുവ 24 മണിക്കൂറിനകം കൂട്ടുമെന്ന് ചൊവ്വാഴ്ച സിഎൻബിസിക്ക് അനുവദിച്ച അഭിമുഖത്തിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയുമായി വ്യാപാരക്കരാറുണ്ടാക്കിയാൽ തീരുവയിൽ ഇളവ് എന്നായിരുന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ഭാഗമായി അഞ്ചു തവണ ഇന്ത്യയും അമേരിക്കയും ചർച്ച നടത്തിയിരുന്നു. അതേസമയം, ക്ഷീര, കാർഷിക വിപണികളുടെ കാര്യത്തിൽ ചർച്ച വഴിമുട്ടി.
ആറാം വട്ട ചർച്ചയ്ക്കായി ഈ മാസം 25ന് അമേരിക്കൻ സംഘം ഇന്ത്യയിലെത്താനിരിക്കെയാണ് ട്രംപ് ഏകപക്ഷീയമായി 50 ശതമാനം തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്നിലൊന്ന് എണ്ണയും റഷ്യയിൽനിന്ന്
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ മൂന്നിലൊന്നും റഷ്യയിൽനിന്നാണ്. ഇന്ത്യക്ക് ആവശ്യമായ 88 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുകയാണ്. 2021 വരെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 0.2 ശതമാനം മാത്രമായിരുന്നു റഷ്യയിൽനിന്നുണ്ടായിരുന്നത്.
യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചതോടെ പാശ്ചാത്യരാജ്യങ്ങൾ റഷ്യക്കെതിരേ ഉപരോധം ഏർപ്പെടുത്തി. ഇതോടെ റഷ്യൻ എണ്ണ വില കുറയുകയും റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പതിന്മടങ്ങ് വർധിക്കുകയും ചെയ്തു.
ജൂലൈയിൽ പ്രതിദിനം ഇന്ത്യയുടെ എണ്ണ ഇറക്കുമതി 50 ലക്ഷം ബാരലിന്റേതായിരുന്നു. ഇതിൽ 16 ലക്ഷവും റഷ്യയിൽനിന്നാണ്.