രാഹുലിന്റെ വോട്ട് കൊള്ള ആരോപണം; ചോദ്യമുനയിൽ കമ്മീഷൻ
Saturday, August 9, 2025 3:10 AM IST
സനു സിറിയക്
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ലക്ഷക്കണക്കിനു വോട്ട് മോഷ്ടിച്ചെന്ന ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ തെളിവുകൾ നിരത്തിയുള്ള ഗുരുതര ആരോപണത്തിൽ വ്യ ക്തമായി മറുപടി പറയാതെ തെരഞ്ഞെടുപ്പു കമ്മീഷൻ.
രാഹുൽ തെളിവുകളടക്കം സത്യവാങ്മൂലം സമർപ്പിക്കണമെന്നും അല്ലാത്തപക്ഷം പ്രതിപക്ഷനേതാവിന്റെ വാദങ്ങൾ തെറ്റാണെന്ന് വിലയിരുത്തുകയും ചെയ്യുമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രതികരണം. രാഹുൽ ഔദ്യോഗികമായി സത്യവാങ്മൂലം നൽകിയില്ലെങ്കിൽ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനു മാപ്പ് പറയണമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ടു.
രാജ്യത്തെ തെരഞ്ഞെടുപ്പു സംവിധാനത്തിനെതിരേ പ്രതിപക്ഷ നേതാവ് തെളിവുകൾ ഉൾപ്പെടെ ഗുരുതര ആരോപണം ഉന്നയിച്ച് രണ്ടാം ദിവസത്തിലേക്കു കടന്നിട്ടും വ്യക്തമായ മറുപടി നൽകി രാഹുലിന്റെ വാദം ചെറുക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു സാധിച്ചിട്ടില്ല. ആരോപണങ്ങൾക്കെല്ലാം ചില സാങ്കേതിക മറുപടി മാത്രമാണു തെരഞ്ഞെടുപ്പു കമ്മീഷൻ മുന്നോട്ടു വയ്ക്കുന്നത്.
അതേസമയം, രാഹുലിനോട് ആരോപണങ്ങൾ പരാതിയായി സത്യവാങ്മൂലം നൽകാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെടുന്നത് വെറും തമാശയാണെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കാരണം, രാഹുൽ ആരോപിക്കുന്ന ക്രമക്കേടുകൾ നടന്നത് 15 മാസം മുന്പാണ്.
വോട്ടർപട്ടികയിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ 30 ദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നാണു നിയമം. അതിനാൽ രാഹുലിനോടു സത്യവാങ്മൂലം ആവശ്യപ്പെടുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട് വസ്തുതകളോടു പ്രതികരിക്കാതെയുള്ള ഒളിച്ചോട്ടമാണെന്നാണ് പ്രതിപക്ഷ വാദം.
ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെടുന്ന സത്യവാങ്മൂലം ബാധകമാണെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. ഇന്നലെ രാഹുൽ ബംഗളൂരുവിൽ ഉന്നയിച്ച അഞ്ച് ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണു കമ്മീഷന്റെ പ്രതികരണം.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടിക പുറത്തുവിട്ടപ്പോൾ യാതൊരു പരാതിയും കോണ്ഗ്രസിന്റെയോ പാർട്ടി നേതാക്കളുടെയോ ഭാഗത്തുനിന്ന് ഉണ്ടായില്ല. മാധ്യമങ്ങളിലൂടെ മാത്രമാണു രാഹുൽ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഔദ്യോഗിക പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
രാഹുൽ ഇരിക്കുന്ന കൊന്പ് മുറിക്കുന്നു: ബിജെപി
ന്യൂഡൽഹി: മഹാരാഷ്ട്രയിലും കർണാടകയിലും ഹരിയാനയിലുമടക്കം വൻതോതിൽ വോട്ടുകൊള്ള നടന്നെന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വാദം "ഇരിക്കുന്ന കൊന്പ് മുറിക്കുന്ന’ നിലപാടാണെന്നു ബിജെപി.
വോട്ടർമാരുടെ എണ്ണം വർധിച്ചുവെന്ന് അവകാശപ്പെടുന്ന മണ്ഡലങ്ങളിൽ വിജയിച്ചതു കോണ്ഗ്രസാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ബിജെപി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷനേതാവിനു ചേർന്ന ഭാഷയല്ല രാഹുൽ ഉപയോഗിച്ചത്. ബിജെപിയെ സഹായിക്കുന്നുവെന്നാരോപിച്ച് തെരഞ്ഞെടുപ്പുകമ്മീഷൻ പോലെയുള്ള ഒരു ഭരണഘടനാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ രാഹുൽ വെല്ലുവിളിച്ചു. തന്റെ വാദം ഉന്നയിക്കാൻ രാഹുൽ വളരെക്കാലമായി തയാറെടുക്കുകയായിരുന്നു. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനപരമായി തെറ്റാണെന്നും ഭൂപേന്ദ്ര യാദവ് വാദിച്ചു.
രാഹുലിനെ പിന്തുണച്ച് തരൂർ
ന്യൂഡൽഹി: തെരഞ്ഞടുപ്പിൽ വ്യാപകമായി വോട്ടു മോഷണം നടന്നുവെന്ന ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം ഗൗരവമുള്ള വിഷയമാണെന്നും രാജ്യത്തെ വോട്ടർമാരുടെ താത്പര്യമനുസരിച്ച് വിഷയത്തെ സമീപിക്കണമെന്നും കോണ്ഗ്രസ് നേതാവ് ശശി തരൂർ എംപി.
അനാവശ്യ ഇടപെടലിലൂടെ തകർക്കാൻ കഴിയുന്നതല്ല ഇന്ത്യയുടെ മൂല്യമേറിയ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെന്നും രാഹുലിന്റെ വാർത്താസമ്മേളനം പങ്കുവച്ച് സമൂഹമാധ്യമമായ എക്സിൽ തരൂർ കുറിച്ചു.