ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു: സിബിസിഐ
Saturday, August 9, 2025 3:10 AM IST
ന്യൂഡൽഹി: ഒഡീഷയിലെ ജലേശ്വറിൽ വൈദികർക്കും കന്യാസ്ത്രീകൾക്കും മതബോധന അധ്യാപകനും ബജ്രംഗ്ദൾ പ്രവർത്തകരിൽനിന്നു നേരിട്ട ആക്രമണത്തെ അപലപിച്ച് ഭാരത കത്തോലിക്കാ മെത്രാൻസമിതി(സിബിസിഐ).
ഒഡീഷയിലേത് ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച് ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരേ രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമാണ്. ദേശവിരുദ്ധ സംഘടനകളുടെ നേതൃത്വത്തിലുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങളുടെയും മാനുഷിക അന്തസിന്റെയും നഗ്നമായ ലംഘനമാണ്.
ന്യൂനപക്ഷങ്ങൾക്കു നേരേ വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണം എല്ലാ സമുദായങ്ങളുടെയും സുരക്ഷയ്ക്കും സമാധാനപരമായ സഹവർത്തിത്വത്തിനും ഭീഷണിയാണെന്നും സിബിസിഐ ചൂണ്ടിക്കാട്ടി. എല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തണം. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണാധികാരികൾ തയാറാകണം.
ആക്രമണത്തിനു പിന്നിലെ കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എല്ലാ പൗരന്മാരുടെയും അവകാശസംരക്ഷണത്തിന് ഉറച്ചുനിൽക്കുമെന്നും സിബിസിഐ വ്യക്തമാക്കി.