വോട്ടർപട്ടിക ക്രമക്കേട് ; തിങ്കളാഴ്ച പ്രതിപക്ഷ മാർച്ച്
Saturday, August 9, 2025 3:10 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ബിഹാറിലെ വോട്ടർപട്ടിക സമഗ്ര പരിഷ്കരണത്തിനും (സ്പെഷൽ ഇന്റൻസീവ് റിവിഷൻ-എസ്ഐആർ) തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കുന്ന വോട്ടുകൊള്ളയ്ക്കുമെതിരേ പ്രതിപക്ഷ ഇന്ത്യ സഖ്യം തിങ്കളാഴ്ച തെരഞ്ഞെടുപ്പു കമ്മീഷൻ ഓഫീസിലേക്കു മാർച്ച് നടത്തും.
കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരും ഇന്ത്യ സഖ്യത്തിലെ 25 പാർട്ടികളുടെ നേതാക്കളും എംപിമാരും മാർച്ചിൽ പങ്കുചേരും.
പരിഷ്കരണമെന്ന പേരിൽ ബിഹാറിലെ പാവപ്പെട്ടവരും ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളുമായ 65 ലക്ഷത്തോളം പേരെ വോട്ടർ പട്ടികയിൽനിന്നു നീക്കാനുള്ള ശ്രമത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയാണു തിങ്കളാഴ്ചത്തെ മാർച്ച്.
പാർലമെന്റ് പരിസരത്തുനിന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ഡൽഹി അശോക റോഡിലെ ആസ്ഥാനത്തേക്കു നടത്തുന്ന എംപിമാരുടെ മാർച്ച് പോലീസ് തടയും. പോലീസിന്റെ വിലക്കുകൾ ലംഘിച്ച് പ്രതിഷേധ മാർച്ച് നടത്താൻ ഇന്ത്യ സഖ്യം നേതൃയോഗം തീരുമാനിച്ചു.
ഇന്നലെ നടത്താൻ നിശ്ചയിച്ച മാർച്ച് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറന്റെ മരണത്തെത്തുടർന്ന് 11ലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ വൻ ക്രമക്കേട് നടത്തി ചിലയിടങ്ങളിൽ ജനവിധി അട്ടിമറിച്ചതായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തെളിവുകൾ സഹിതം പത്രസമ്മേളനം നടത്തിയത്.
അത്താഴവിരുന്നിലും ‘വോട്ട് കൊള്ള’ നിരത്തി രാഹുൽ
രാഹുൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നു പറയാൻ തെരഞ്ഞെടുപ്പു കമ്മീഷനു കഴിയുന്നില്ലെന്ന് കോണ്ഗ്രസ് നേതാക്കൾ പറയുന്നു. ആരോപണങ്ങൾ നിഷേധിക്കുകപോലും ചെയ്യാതെ, അവ സത്യവാങ്മൂലമായി രാഹുൽ എഴുതി നൽകണമെന്ന ആവശ്യം പരിഹാസ്യമാണെന്നും കോണ്ഗ്രസ് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷനേതാക്കൾക്കായി വ്യാഴാഴ്ച രാത്രി രാഹുൽ നൽകിയ അത്താഴവിരുന്നിലും വോട്ടുകൊള്ളയുടെ തെളിവുകൾ പ്രതിപക്ഷനേതാവ് അവതരിപ്പിച്ചു. രാഹുലിന്റെ തെളിവുകൾ വിശ്വാസയോഗ്യമാണെന്ന് വിരുന്നിനെത്തിയ 25 പാർട്ടികളുടെ അന്പതിലേറെ നേതാക്കൾ പറയുന്നു.
ബിഹാറിലെ വോട്ടർപട്ടിക പ്രശ്നം പാർലമെന്റിൽ ചർച്ച ചെയ്യില്ലെന്ന കേന്ദ്രസർക്കാർ നിലപാട് ഇക്കാര്യത്തിൽ അവരുടെ കള്ളത്തരം വെളിവാക്കിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ചർച്ചയെ കേന്ദ്രം ഭയപ്പെടുകയാണെന്ന് തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയൻ കുറ്റപ്പെടുത്തി. എസ്ഐആർ എന്നതു സൈലന്റ് ഇൻവിസിബിൾ റിഗ്ഗിംഗ് ആണെന്ന് അദ്ദേഹം പരിഹസിച്ചു.
തെരഞ്ഞെടുപ്പു കമ്മീഷൻ സ്വതന്ത്ര സ്ഥാപനമാണെന്ന വാദമുയർത്തിയാണു കേന്ദ്രം ചർച്ചയ്ക്കു വിസമ്മതിച്ചത്. എന്നാൽ ഇതേ തെരഞ്ഞെടുപ്പു കമ്മീഷനെതിരേ രാഹുൽ തെളിവു നിരത്തിയപ്പോൾ മന്ത്രിമാരും ബിജെപി നേതാക്കളും പ്രതിരോധവുമായി രംഗത്തെത്തിയെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു.