ഉത്തരകാശി മിന്നൽപ്രളയം: തെരച്ചിൽ തുടരുന്നു
Saturday, August 9, 2025 3:10 AM IST
ഉത്തരകാശി: ഉത്തരകാശിയിൽ മിന്നൽപ്രളയത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. ഇന്നലെ ധാരാലിയിൽ ഡ്രോണുകളും പരിശീലനം ലഭിച്ച നായ്ക്കളെയും ഉപയോഗിച്ചായിരുന്നു തെരച്ചിൽ നടന്നത്. ഇന്നലെ വൈകുന്നേരത്തോടെ കുടുങ്ങിക്കിടന്ന 128 പേരെ സൈന്യം പുറത്തെത്തിച്ചു.
ചൊവ്വാഴ്ച ദുരന്തമുണ്ടായതിനു ശേഷം ഇതുവരെ 566 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം ത്വരിതഗതിയിലാക്കാൻ കരസേന ഭാഗീരഥി നദിയിൽ പാലം നിർമിച്ചു. മിന്നൽപ്രളയത്തിൽ പരിക്കേറ്റവരെയും കുടുങ്ങിയവരെയും ഈ പാലത്തിലൂടെ സുരക്ഷിതസ്ഥാനത്തെത്തിച്ചു.
നാല് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമ്പത് സൈനികർ ഉൾപ്പെടെ 16 പേരെ കാണാതായിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി (യുഎസ്ഡിഎംഎ) അറിയിച്ചു.
എന്നാൽ കൂടുതൽ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ദുരന്തം നടക്കുന്ന സമയത്ത് ധരാലിയിലെ വലിയ ഹോട്ടലുകളിൽ അതിഥികളുണ്ടായിരുന്നു. ഹോട്ടലിൽ ബിഹാർ, നേപ്പാൾ തുടങ്ങിയയിടങ്ങളിൽനിന്നുള്ള തൊഴിലാളികളുമുണ്ടായിരുന്നു.
ഗംഗോത്രിയിലേക്കുള്ള യാത്രയിലെ പ്രധാന ഇടത്താവളമാണ് ധരാലി. ഗംഗാ നദി ഉത്ഭവിക്കുന്ന സ്ഥലമാണിത്. ഹോട്ടലുകൾ, ഹോംസ്റ്റേകൾ, റെസ്റ്റോറന്റുകൾ, ഗസ്റ്റ് ഹൗസുകൾ എന്നിവ ഇവിടെയുണ്ട്.
കരസേന, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആർഎഫ്), പോലീസ് തുടങ്ങിയ വകുപ്പുകളിൽനിന്നുള്ള 800ലധികം രക്ഷാപ്രവർത്തകരുടെ സംഘമാണ് തെരച്ചിലും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നത്.
തെരച്ചിലിന് സ്നിഫർ നായ്ക്കളെയും റഡാറുകളും ഉപയോഗിക്കുന്നുണ്ട്. ഗംഗോത്രിയിൽ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ലഫ്. ജനറൽ ഡി.ജി. മിശ്ര പറഞ്ഞു.
ധരാലിയില് തുടരുന്ന മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉന്നതതലയോഗം വിളിച്ച് സ്ഥിതി വിലയിരുത്തി.