ഒഡീഷ: പാർലമെന്റിനകത്തും പുറത്തും പ്രതിഷേധവുമായി കേരളം
Saturday, August 9, 2025 3:10 AM IST
ന്യൂഡൽഹി: ഒഡീഷയിലെ ജലേശ്വറിൽ മലയാളി വൈദികരെയും കന്യാസ്ത്രീമാരെയും ബജ്രംഗ്ദൾ പ്രവർത്തകർ ആക്രമിച്ചതിൽ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധമുയർത്തി കേരള എംപിമാർ.
പാർലമെന്റ് നടപടി ആരംഭിക്കുന്നതിനുമുന്പ് പ്രധാന കവാടത്തിനു പുറത്ത് യുഡിഎഫ്-എൽഡിഎഫ് എംപിമാർ പ്രതിഷേധിച്ചു.
പാർലമെന്റിൽ അടിയന്തരപ്രമേയത്തിനും ശൂന്യവേളയിൽ വിഷയം ഉന്നയിക്കാനും എംപിമാർ സ്പീക്കർക്കു നോട്ടീസ് നൽകി. കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ തുടങ്ങിയവരാണു നോട്ടീസ് നൽകിയത്.
ഇടത് എംപിമാരുടെ പ്രതിഷേധത്തിൽ കെ. രാധാകൃഷ്ണൻ, ജോണ് ബ്രിട്ടാസ്, എ.എ. റഹീം, ആർ. സച്ചിദാനന്ദം, പി.പി. സുനീർ, വി. സെൽവരാജ്, പി. സന്തോഷ് കുമാർ, സുധാമ പ്രസാദ്, രാജാറാം എന്നിവർ പങ്കെടുത്തു.
പാർലമെന്റിനു പുറത്ത് വിജയ് ചൗക്കിൽ നടന്ന യുഡിഎഫ് എംപിമാരുടെ പ്രതിഷേധത്തിൽ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ തുടങ്ങിയവർ പങ്കെടുത്തു.

ഉത്തരേന്ത്യയിൽ ക്രൈസ്തവവേട്ട നടക്കുന്പോൾ കേരളത്തിലെ കേന്ദ്രമന്ത്രിമാർ വായതുറക്കുന്നില്ലെന്ന് ഇടത് എംപിമാർ ആരോപിച്ചു.
ഇത്തരം കാര്യങ്ങളിൽ നിശബ്ദത അവസാനിപ്പിച്ച് മന്ത്രിമാർ നിലപാട് വ്യക്തമാക്കണമെന്നും എംപിമാരായ ജോണ് ബ്രിട്ടാസ്, വി. ശിവദാസൻ, എ.എ. റഹീം തുടങ്ങിയവർ ആവശ്യപ്പെട്ടു.