"ചോദ്യങ്ങളുന്നയിച്ചപ്പോൾ വെബ്സൈറ്റ് പൂട്ടി’
Saturday, August 9, 2025 3:10 AM IST
ബംഗളൂരു: വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടായെന്ന ആരോപണത്തിന്റെ പേരിൽ സത്യവാങ്മൂലം നൽകണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശത്തിനു ശക്തമായ മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
പാർലമെന്റിൽ ഭരണഘടന മുൻനിർത്തി നേരത്തേതന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നുവെന്നാണു രാഹുൽ പ്രതികരിച്ചത്. കർണാടകയിൽ ഉൾപ്പെടെ വോട്ടുമോഷണം നടന്നുവെന്ന ആരോപണം രാഹുൽ ആവർത്തിക്കുകയും ചെയ്തു.
ജനങ്ങളിൽനിന്ന് തെരഞ്ഞെടുപ്പ് തട്ടിപ്പറിക്കുന്നതിനു തെരഞ്ഞെടുപ്പു കമ്മീഷനും ബിജെപിയും കൈകോർത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പുകമ്മീഷൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രമക്കേടിനെക്കുറിച്ച് ജനം ചോദ്യങ്ങളുന്നയിച്ചപ്പോൾ അവർ വെബ്സൈറ്റ് പൂട്ടിയെന്നും രാഹുൽ ആരോപിച്ചു.
തെരഞ്ഞെടുപ്പു ഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് വോട്ടുകൊള്ള നടത്തുന്നുവെന്ന ആരോപണവുമായി ബംഗളൂരുവില്‍ സംഘടിപ്പിച്ച വോട്ട് അധികാർ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിന് ഡിജിറ്റൽ വോട്ടർപട്ടിക എന്തുകൊണ്ട് ലഭ്യമാക്കുന്നില്ല, ബൂത്തുകളിലെ സിസിടിവി വീഡിയോ ദൃശ്യങ്ങൾ ആരുടെ നിർദേശമനുസരിച്ചാണു നീക്കം ചെയ്യുന്നത്, വ്യാജ വോട്ടിംഗും ക്രമക്കേടുകളും സംഭവിക്കുന്നത് എന്തുകൊണ്ട്, പ്രതിപക്ഷനേതാക്കളെ ഭീഷണിപ്പെടുത്തുന്നത് എന്തുകൊണ്ട്, ബിജെപിയുടെ ഏജന്റായി തെരഞ്ഞെടുപ്പു കമ്മീഷൻ മാറിയോ എന്നിങ്ങനെ അഞ്ചു ചോദ്യങ്ങളാണ് രാഹുൽ ഉന്നയിച്ചത്.
ആരോപണം ഉയർന്നതോടെ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ബിഹാറിലെയും വെബ്സൈറ്റുകൾ തെരഞ്ഞെടുപ്പു കമ്മീഷൻ അടച്ചുപൂട്ടി. തെരഞ്ഞെടുപ്പുകൾ തട്ടിയെടുക്കുന്നവർക്കെതിരേ അന്വേഷണം നടത്താൻ കർണാടകത്തിലെ കോൺഗ്രസ് സർക്കാർ തയാറാകണം.
വോട്ട് കൊള്ളയിലൂടെയാണു മോദി പ്രധാനമന്ത്രിയായത്. വോട്ടര്‍പട്ടികയുടെ പൂര്‍ണരൂപം തെരഞ്ഞെടുപ്പു കമ്മീഷന് പുറത്തുവിടണം. വോട്ട് കൊള്ളയുടെ നേർ ഉദാഹരണമാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ.
ഒരു കോടി പുതിയ വോട്ടര്‍മാര്‍ മഹാരാഷ്ട്രയില്‍ വോട്ട് ചെയ്തു. പുതിയ വോട്ടര്‍മാര്‍ വന്ന സ്ഥലങ്ങളിലെല്ലാം ബിജെപി വിജയിച്ചു. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടു കുറഞ്ഞില്ലെന്നു വ്യക്തമാവുകയും ചെയ്തു.-രാഹുൽ പറഞ്ഞു.