തെരഞ്ഞെടുപ്പ് അട്ടിമറി; വാഗ്ദാനമുണ്ടായി: ശരദ് പവാര്‍
Sunday, August 10, 2025 2:16 AM IST
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിനു പിന്നാലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി എന്‍സിപി (എസ്പി) അധ്യക്ഷന്‍ ശരദ് പ വാര്.
2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഡല്‍ഹിയില്‍നിന്നുള്ള രണ്ടുപേര്‍ സമീപിച്ച് 288 അംഗ സഭയില്‍ 160 സീറ്റുകള്‍ ഉറപ്പാക്കാമെന്നു വാഗ്ദാനം ചെയ്തതായി പവാര്‍ വെളിപ്പെടുത്തി. അദ്ഭുതപ്പെട്ടുപോയെന്നു പറഞ്ഞ പവാർ, ആഘട്ടത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനെക്കുറിച്ച് ഒരുതരത്തിലുള്ള സംശയവും ഉണ്ടായില്ലെന്നും അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് ഇരുവരും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കുകയായിരുന്നുവെന്നും പവാര്‍ പറഞ്ഞു. അവര്‍ക്കു പറയാനുള്ളതെല്ലാം അവര്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. അവസാനം ഇക്കാര്യം പരിഗണിക്കേണ്ടെന്നായിരുന്നു എന്റെയും രാഹുലിന്റെയും നിലപാട്. ഇതു ഞങ്ങളുടെ വഴിയല്ലെന്നും തീരുമാനിച്ചു- പവാർ പറഞ്ഞു.