യുദ്ധവീരൻ ക്യാപ്റ്റൻ ഡി.കെ. പരുൽക്കർ വിടവാങ്ങി
Monday, August 11, 2025 3:25 AM IST
ന്യൂഡൽഹി: 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ പാക്കിസ്ഥാൻ പിടികൂടിയശേഷം അതിസാഹസികമായി രക്ഷപ്പെട്ട വ്യോമസേനാ മുൻ ഗ്രൂപ്പ് ക്യാപ്റ്റൻ ഡി.കെ. പരുൽക്കർ അന്തരിച്ചു.
പൂനയിലായിരുന്നു അന്ത്യമെന്ന് വ്യോമസേന അറിയിച്ചു. 71 ലെ യുദ്ധസമയത്ത് വിംഗ് കമാൻഡറായിരുന്നു പരുൽക്കർ. യുദ്ധത്തിൽ പിടികൂടിയവരെ പാക് സൈന്യം പാർപ്പിച്ചിരുന്ന കേന്ദ്രത്തിൽനിന്ന് രണ്ട് സഹപ്രവർത്തകർക്കൊപ്പം അദ്ദേഹം പുറത്തുകടക്കുകയായിരുന്നു.
1965ലെ യുദ്ധത്തിലും പാക്കിസ്ഥാനെതിരേ വീറോടെ പോരാടിയ ചരിത്രമാണ് ഈ ധീരസൈനികന്റേത്. പാക് വെടിവയ്പിൽ വലതുതോളിൽ വെടിയേറ്റതോടെ പുറത്തുചാടാൻ നിർദേശം ലഭിച്ചുവെങ്കിലും പോർവിമാനം വ്യോമതാവളത്തിൽ സുരക്ഷിതമായി എത്തിക്കുകയായിരുന്നു അദ്ദേഹം. ഈ പോരാട്ടവീര്യത്തിനു വായുസേന മെഡൽ നൽകി രാജ്യം ആദരിച്ചു. 1963ലാണ് പരുൽക്കർ വ്യോമസേനയിൽ ചേർന്നത്. വ്യോമസേന അക്കാദമിയിലെ പറക്കൽ പരിശീലകൻ ഉൾപ്പെടെ ഒട്ടേറെ പദവികൾ വഹിച്ചു. വിശിഷ്ടസേവാ മെഡൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.