ഡൽഹിയിൽ കനത്ത മഴ; മതിൽ ഇടിഞ്ഞുവീണ് ഏഴു മരണം
Sunday, August 10, 2025 2:16 AM IST
ന്യൂഡൽഹി: കനത്ത മഴയെത്തുടർന്ന് ഡൽഹിയിൽ മതിലിടിഞ്ഞു വീണ് രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു.
സൗത്ത് വെസ്റ്റ് ഡൽഹിയിലെ ഹരിനഗറിൽ ആക്രി പൊറുക്കി ജീവിക്കുന്നവർ താമസിക്കുന്ന കുടിലുകൾക്കു മുകളിലേക്ക് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു സംഭവം. കോണ്ക്രീറ്റുകൾക്കിടയിൽ കുടുങ്ങിയ എട്ടുപേരെ രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച രാത്രി പതി നൊന്നോടെ ആരംഭിച്ച മഴ ഇന്നലെ ഉച്ചവരെ തുടർന്നു. മഴ കനത്തതോടെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ റോഡ് ഗതാഗതം താറുമാറായി. റോഡുകളിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
ഐടിഒ, കൊണാട്ട് പ്ലേസ്, മഥുര റോഡ് തുടങ്ങി ഡൽഹിയിലെ പ്രധാന ഭാഗങ്ങളടക്കം വെള്ളക്കെട്ടിലായി. യമുനാ തീരത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകി. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.