രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
സ്വന്തം ലേഖകൻ
Monday, August 11, 2025 3:25 AM IST
ന്യൂഡൽഹി: വോട്ട് കൊള്ള ആരോപണത്തിൽ രേഖകൾ ഹാജരാക്കാൻ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയോടു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ഇതുസംബന്ധിച്ച് കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാഹുലിന് നോട്ടീസയച്ചു.
കഴിഞ്ഞ വ്യാഴാഴ്ച കോണ്ഗ്രസ് ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ കാണിച്ച ടിക് മാർക്ക് ചെയ്ത വോട്ടർമാരുടെ ഐഡി ഉൾപ്പെട്ട രേഖ പ്രാഥമിക അന്വേഷണത്തിൽ പോളിംഗ് ഓഫീസർ നൽകിയതല്ലെന്നു വ്യക്തമായിട്ടുണ്ട്. പോളിംഗ് ഓഫീസർ ടിക് മാർക്ക് ചെയ്തതായി രാഹുൽ ആരോപിച്ചിരുന്നു.
അതിനാൽ ഇക്കാര്യത്തിൽ അന്വേഷണത്തിന് കൃത്യമായ രേഖകൾ സമർപ്പിക്കാനും തെരഞ്ഞെടുപ്പു കമ്മീഷൻ രാഹുലിനോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം ശകും റാണി എന്നയാൾ രണ്ടു തവണ വോട്ട് ചെയ്തതായി രാഹുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.
എന്നാൽ അന്വേഷണത്തിൽ ശകും റാണി ഒരു തവണ മാത്രമാണു വോട്ട് ചെയ്തതെന്ന് അവർതന്നെ സമ്മതിച്ചിട്ടുണ്ട്. ഇരട്ട വോട്ടുകൾ ആരെങ്കിലും ചെയ്തുവെന്നതിനു രേഖകൾ സമർപ്പിക്കണമെന്നും അക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായി അന്വേഷണം നടത്തുമെന്നും നോട്ടീസിൽ വ്യക്തമാക്കി.
അതേസമയം, രാഹുലിന്റെ ആരോപണം തെറ്റാണെങ്കിൽ അദ്ദേഹത്തിനെതിരേ കേസ് കൊടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനു ധൈര്യമുണ്ടാകണമെന്ന് കോണ്ഗ്രസ് പ്രതികരിച്ചു. ആരോപണം പരിശോധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബിജെപി വ്യക്തമാക്കി.