കോൽക്കത്ത മെഡി. കോളജ് ബലാത്സംഗം; പോലീസ് കൈയേറ്റം ചെയ്തതായി ഡോക്ടറുടെ അമ്മ
Sunday, August 10, 2025 2:16 AM IST
കോൽക്കത്ത: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂണിയർ മെഡിക്കൽ ഡോക്ടറുടെ അമ്മയെ പോലീസ് കൈയേറ്റം ചെയ്തു.
മകൾ അതിക്രൂരമായി കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികദിനമായ ഇന്നലെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധമാർച്ചിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ.
മകൾക്കു നീതി കിട്ടുന്നതിനുവേണ്ടിയാണ് ഞങ്ങൾ പ്രതിഷേധിച്ചത്. തലയ്ക്കും കൈക്കും പരിക്കുണ്ട്. കൈയിലെ വളകൾ ഞെരിച്ചു പൊട്ടിച്ചു. സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ എന്തിനാണ് ആക്രമിച്ചതെന്നും അവർ ചോദിച്ചു.
മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം നടന്ന ഡൊറീന ക്രോസിംഗിലേക്ക് തങ്ങൾക്കു പോലീസ് പ്രവേശനം നിഷേധിച്ചെന്നും കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛനും കുടുംബാംഗങ്ങളും പറഞ്ഞു. പാർക്ക് സ്ട്രീറ്റ് ക്രോസിംഗിൽ ബാരിക്കേഡ് തകർത്ത് മുന്നേറാൻ ശ്രമിച്ച പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി.