വീണ്ടും ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി ഇറക്കി; ഇത്തവണ ജപ്പാനില്‍
Monday, August 11, 2025 3:25 AM IST
ന്യൂഡല്‍ഹി: പറക്കലിനിടെ തകരാറിലായ ബ്രിട്ടീഷ് യുദ്ധവിമാനം വീണ്ടും അടിയന്തരമായി നിലത്തിറക്കി. യുകെ റോയല്‍ എയര്‍ഫോഴ്സിന്റെ എഫ്-35 വിമാനമാണു ജപ്പാനിലെ കോഗോഷിമ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. വിമാനത്താവളത്തിന്റെ റണ്‍വേ 20 മിനിറ്റോളം അടച്ചിട്ടശേഷമാണു യുദ്ധവിമാനം നിലത്തിറക്കിയത്. ഇതോടെ ഒട്ടേറെ സര്‍വീസുകള്‍ തടസപ്പെട്ടുവെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
ബ്രിട്ടീഷ് യുദ്ധവിമാനം സമീപദിവസങ്ങളില്‍ രണ്ടാംതവണയാണു പറക്കലിനിടെ തകരാറിലാകുന്നത്. കഴിഞ്ഞ ജൂണ്‍ 14ന് സമാനശ്രേണിയിലുള്ള മറ്റൊരു യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു.
യുകെയില്‍നിന്ന് ഓസ്ട്രേലിയയ്ക്കു പറക്കുകയായിരുന്ന വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതോടെയാണിത്. അറ്റകുറ്റപ്പണിക്കു യുകെയിൽനിന്ന് വിവിധ സംഘങ്ങളെത്തി അഞ്ചാഴ്ചയ്ക്കുശേഷമാണ് തിരുവനന്തപുരത്തുനിന്ന് വിമാനം യുകെയിലേക്കു തിരികെ കൊണ്ടുപോകാനായത്.