വോട്ട് കൊള്ള ആരോപണം : പോര് മുറുകി
സ്വന്തം ലേഖകൻ
Monday, August 11, 2025 3:25 AM IST
ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന വോട്ട് കൊള്ളയ്ക്കെതിരേയും ബിഹാർ വോട്ടർപട്ടികയിൽ പ്രത്യേക പരിഷ്കരണത്തിനെതിരേയും (എസ്ഐആർ) തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിനു മുന്നിലേക്ക് പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ എംപിമാർ ഇന്നു മാർച്ച് നടത്തും. ഇരുസഭകളിലെയും മുന്നൂറോളം പ്രതിപക്ഷ എംപിമാർ മാർച്ചിൽ പങ്കെടുക്കുമെന്നാണ് സൂചന.
മാർച്ചിനുശേഷം മുന്നണിയിലെ പാർലമെന്ററി പാർട്ടി നേതാക്കൾ തെരഞ്ഞെടുപ്പു കമ്മീഷണർമാരുമായി കൂടിക്കാഴ്ച നടത്തി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ തുടർച്ചയായുള്ള വോട്ട് കൊള്ള ആരോപണത്തിനു പിന്തുണയേറുന്നതാണ് വിഷയത്തിൽ ഇന്ത്യ മുന്നണിയുടെ നിലപാട് വ്യക്ത മാക്കുന്നത്.
രാവിലെ 11.30ന് പാർലമെന്റിൽനിന്ന് ആരംഭിക്കുന്ന മാർച്ചിന് പ്രതിപക്ഷനേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരും ഇന്ത്യ സഖ്യത്തിലെ 25 പാർട്ടികളുടെ നേതാക്കളും നേതൃത്വം നൽകും. ആദ്യം ബിഹാറിലെ വോട്ടർപട്ടിക വിവാദം മാത്രമായിരുന്നു പ്രതിഷേധകാരണമെങ്കിൽ ഇപ്പോൾ രാഹുൽ പുറത്തുവിട്ട വോട്ട് കൊള്ളയും പ്രതിഷേധകാരണമാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്നതിനുശേഷം പാർലമെന്റിനു പുറത്ത് ഇന്ത്യ മുന്നണി നടത്തുന്ന ആദ്യ സംയുക്ത പരിപാടിയാണ് ഇന്നു നടക്കുന്ന പ്രതിഷേധ മാർച്ച്. "വോട്ട് ചോരി' എന്ന വിഷയത്തിൽ വിവിധ ഭാഷകളിൽ എഴുതിയ പ്ലക്കാർഡുകൾ പിടിച്ചുകൊണ്ടായിരിക്കും പ്രതിഷേധം. മുന്നണിയിൽനിന്ന് പുറത്തുപോയ ആം ആദ്മി പാർട്ടിയും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
പല വിഷയങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും രാഹുൽ ഉന്നയിച്ച വോട്ട് കൊള്ളയിലും ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിലും ഒരേ സ്വരത്തിലാണ് ഇന്ത്യ മുന്നണിയിലെ പാർട്ടികൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ വർഷകാല സമ്മേളനം സ്തംഭിപ്പിക്കുന്നതിലും പ്രതിപക്ഷം ഒറ്റക്കെട്ടായിരുന്നു.
വോട്ട് കൊള്ള ആരോപണത്തിൽ രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിനു പിന്നാലെ ആരോപണം ശക്തമാക്കി ഇന്ത്യ മുന്നണിയിലെ കൂടുതൽ നേതാക്കൾ രംഗത്തുവന്നു. യുപിയിലും വൻ ക്രമക്കേട് നടന്ന തായി സമാജ്വാദി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ബിഹാറിൽ ക്രമക്കേട് നടന്നതായി ആർജെഡി അധ്യക്ഷനും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും ചൂണ്ടിക്കാട്ടി.
കുന്ദർകി, മിരാപുർ, അയോധ്യയിലെ ഫൈസാബാദ് എന്നിവിടങ്ങളിലെ ചില ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി നിർദേശപ്രകാരം തെരഞ്ഞെടുപ്പു കമ്മീഷൻ വോട്ട് കൊള്ള നടത്തിയതായി അഖിലേഷ് ആരോപിച്ചു. ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയ്ക്ക് ഉൾപ്പെടെ ഇരട്ടവോട്ടുണ്ടെന്ന് തേജസ്വി യാദവ് പറഞ്ഞു. ഒന്നുകിൽ ഉപമുഖ്യമന്ത്രി അല്ലെങ്കിൽ കമ്മീഷൻ ക്രമക്കേട് നടത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടർ പട്ടിക പരിഷ്കരണപ്രക്രിയയും വ്യാജമാണ്. കരട് പട്ടികയിൽ മൂന്നു ലക്ഷത്തോളം വീട്ടുനന്പർ 0,000, 0/00 എന്നിങ്ങനെയാണെന്നും തേജസ്വി യാദവ് ചൂണ്ടിക്കാട്ടി.