ഓപ്പണ്‍ ബുക്ക് പരീക്ഷയ്ക്ക് സിബിഎസ്ഇ അംഗീകാരം
സ്വന്തം ലേഖകൻ
Monday, August 11, 2025 3:25 AM IST
ന്യൂഡൽഹി: അടുത്ത അധ്യയനവർഷം മുതൽ ഒന്‍പതാം ക്ലാസ് പരീക്ഷയിൽ ഓപ്പണ്‍ ബുക്ക് പരീക്ഷാരീതി നടപ്പാക്കാനുള്ള നിർദേശത്തിന് സിബിഎസ്ഇ അംഗീകാരം.
ദേശീയ വിദ്യാഭ്യാസനയം 2020 അടിസ്ഥാനമാക്കിയാണു പുതിയ പരിഷ്കരണം. കാണാപ്പാഠം പഠിച്ചു പരീക്ഷയെഴുതുന്ന രീതിയിൽനിന്നു വ്യത്യസ്തമായി പാഠപുസ്തകം പരിശോധിച്ചു വിശകലനം ചെയ്ത് ഉത്തരമെഴുതുന്ന രീതിയാണ് ഓപ്പണ്‍ ബുക്ക് പരീക്ഷ.
പല വിദേശ സർവകലാശാലകളും ഈ രീതി നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ ജൂണിൽ ഓപ്പണ്‍ ബുക്ക് പരീക്ഷാനിർദേശം സിബിഎസ്ഇ ഗവേണിംഗ് ബോഡി പ്രാഥമികമായി അംഗീകരിച്ചിരുന്നു. തുടർപഠനങ്ങൾക്കുശേഷമാണ് പദ്ധതിക്ക് അന്തിമ അംഗീകാരം നൽകിയത്. ഓരോ ടേമിലും ഭാഷാ പഠനം, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ മൂന്ന് എഴുത്തുപരീക്ഷകൾ ഓപ്പണ്‍ ബുക്ക് രീതിയിൽ നടത്താനാണു പദ്ധതി.