ഓപ്പറേഷൻ സിന്ദൂർ; ആറ് പാക് വിമാനങ്ങൾ തകർത്തതായി വ്യോമസേനാ മേധാവി
Sunday, August 10, 2025 2:16 AM IST
ന്യൂഡൽഹി: "ഓപ്പറേഷൻ സിന്ദൂറി’ലൂടെ പാക്കിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വ്യോമാക്രമണ മുന്നറിയിപ്പ് വിമാനവും ഇന്ത്യൻ സൈന്യം തകർത്തതായി വ്യോമസേനാ മേധാവി എയർമാർഷൽ എ.പി. സിംഗ്.
അതിർത്തിയിൽനിന്ന് ഏകദേശം 300 കിലോമീറ്റർ അകലെയായിരുന്നു സംഭവമെന്നും ആക്രമണത്തിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടതായും വ്യോമസേനാ മേധാവി സ്ഥിരീകരിച്ചു.
രാഷ്ട്രീയ ഇച്ഛാശക്തിയുടെ സാന്നിധ്യമാണ് "ഓപ്പറേഷൻ സിന്ദൂർ’വിജയിച്ചതിന്റെ പ്രധാന കാരണമെന്നും ബംഗളൂ രുവിൽ എയർ ചീഫ് മാർഷൽ എൽഎം കത്ര മെമ്മോറിയൽ പ്രഭാഷണം നടത്തവേ എയർമാർഷൽ എ.പി. സിംഗ് വ്യക്തമാക്കി.
ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം സൈന്യത്തിന്റെ കൈകൾ ബന്ധിച്ചാണ് "ഓപ്പറേഷൻ സിന്ദൂറി’നു പറഞ്ഞയച്ചതെന്ന് ലോക്സഭയിൽ നടന്ന ചർച്ചയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനു പ്രത്യക്ഷ മറുപടിയെന്നോണമാണ് വ്യോമസേന മേധാവിയുടെ പരാമർശം.
സൈന്യത്തിനു കൃത്യമായ നിർദേശം നൽകിയിരുന്നു. ഒരു നിയന്ത്രണവും ഞങ്ങളുടെമേൽ ഏർപ്പെടുത്തിയിരുന്നില്ല. പ്രത്യാക്രമണം ആസൂത്രണം ചെയ്യാനും നടപ്പാക്കാനും തങ്ങൾക്ക് പൂർണസ്വാതന്ത്ര്യം ലഭിച്ചിരുന്നു. മൂന്നു സേനകളും സംയോജിച്ചാണ് ആക്രമണം നടത്തിയതെന്നും എ.പി. സിംഗ് പറഞ്ഞു.
പാക്കിസ്ഥാന്റെ ഷഹബാസ് ജേക്കബാബാദ് എയർഫീൽഡിൽ നടത്തിയ ആക്രമണത്തിൽ ചില എഫ് 16 വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനമായ എസ് 400 ഒരു ഗെയിം ചേഞ്ചറായി പ്രവർത്തിച്ചു. പാക്കിസ്ഥാന്റെ വ്യോമാക്രമണത്തെ എസ് 400 കൃത്യമായി പ്രതിരോധിച്ചു.
യുദ്ധത്തിൽ ലക്ഷ്യം നേടിക്കഴിഞ്ഞാൽ അതു നിർത്താൻ എല്ലാ അവസരങ്ങളും തേടണം. രാഷ്ട്രം നല്ല തീരുമാനമെടുത്തതായും അദ്ദേഹം വ്യക്തമാക്കി. ഇതാദ്യമായാണ് മുതിർന്ന സൈനികമേധാവി വെടിനിർത്തലടക്കമുള്ള വിഷയത്തെപ്പറ്റി കേന്ദ്രസർക്കാരിന് അനുകൂലമായ രീതിയിൽ പരാമർശങ്ങൾ നടത്തുന്നത്.