ഡോ. ഹാരിസ് വിഷയം; അന്വേഷണം അവസാനിപ്പിക്കുന്നു
Sunday, August 10, 2025 2:16 AM IST
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെയും സർക്കാരിന്റെയും വാദങ്ങൾ ഒന്നൊന്നായി പൊളിഞ്ഞതോടെ ഡോ. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ സർക്കാർ. ഇനിയും ഡോ. ഹാരിസിനെതിരായ നീക്കങ്ങൾ തുടർന്നാൽ അതു വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പിന്മാറ്റം.
കാണാതായ ഉപകരണം കണ്ടെത്തിയ സാഹചര്യത്തിൽ ഡോ. ഹാരിസിനെതിരായ അന്വേഷണം തുടരേണ്ടെതില്ലെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് ആരോഗ്യമന്ത്രിക്കു ലഭിച്ചു. ഡിഎംഇയുടെ വിശദ റിപ്പോർട്ട് നാളെ സർക്കാരിനു സമർപ്പിക്കും. ഡോക്ടർ ഹാരിസിനെതിരായ തുടർനടപടികളൊന്നും റിപ്പോർട്ടിലുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി കെജിഎംസിടിഎയ്ക്ക് ഉറപ്പുനൽകിയതായാണ് വിവരം.
മെഡിക്കൽ കോളജിലെ ഉപകരണം കാണാതായെന്ന പേരിൽ ഡോ. ഹാരിസിനെതിരായി സർക്കാർ നടത്തിയ നീക്കങ്ങളെല്ലാം ഇതോടെ താത്കാലികമായി കെട്ടടങ്ങുമെന്നുറപ്പായി. അതേസമയം, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത മാനസിക സമ്മർദത്തിലായതിനെത്തുടർന്ന് ഒരാഴ്ചത്തെ അവധിയിൽ പോയ ഡോ. ഹാരിസ് ഇന്നലെ അവധി റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിച്ചതിലൂടെ ഇനി വിവാദങ്ങൾ തുടരാൻ സർക്കാരും ഡോ. ഹാരിസും ആഗ്രഹിക്കുന്നില്ലെന്നും ഉറപ്പായി.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിലെ പരിമിതികളും പ്രതിസന്ധികളും ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ഡോ. ഹാരിസിനെ കളങ്കിതനാക്കാനുള്ള ശ്രമമാണ് ആരോഗ്യമന്ത്രിയും സർക്കാരും നടത്തുന്നതെന്ന ആക്ഷേപം ആദ്യം മുതൽ തന്നെ ഉയർന്നിരുന്നു. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് യൂറോളജി വിഭാഗത്തിലെ ഒരു ഉപകരണം കാണാനില്ലെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വന്നത്. ഇതിന്റെ ചുവടുപിടിച്ച് ഡോ. ഹാരിസിനെ കുടുക്കാനുള്ള ത്വരയാണ് പിന്നീട് സർക്കാർ സംവിധാനങ്ങളുടെയും ആരോഗ്യമന്ത്രി വീണാ ജോർജിന്റെയും ഭാഗത്തുനിന്നുണ്ടായത്. എന്നാൽ, എല്ലാ വിഷയങ്ങളിലും ഡോ. ഹാരിസ് കൃത്യമായ മറുപടി നൽകിയതോടെ, അദ്ദേഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ‘സിസ്റ്റ’ത്തിന്റെ ശ്രമങ്ങളെല്ലാം ഒന്നൊന്നായി തകർന്നു വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും നടത്തിയ പത്രസമ്മേളനവും ദയനീയമായി പൊളിഞ്ഞതോടെ ജനവികാരത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്ന വിലയിരുത്തലിലാണ് സർക്കാരിന്റെ പിന്മാറ്റം. കാണാതായ മോഴ്സിലോസ്കോപ്പ് കണ്ടെത്തുന്നതിനായി ഡോ. ഹാരിസിന്റെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ഓഫീസ് മുറിയിൽ പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നും ഒരു ഉപകരണവും ഏതാനും ബില്ലുകളും കണ്ടെത്തിയെന്ന് വിശദീകരിച്ചുകൊണ്ടാണ് ഡോ. ഹാരിസിനെ സംശയത്തിന്റെ മുനയിൽ നിർത്താൻ പ്രിൻസിപ്പലും സൂപ്രണ്ടും ശ്രമിച്ചത്. എന്നാൽ കണ്ടെത്തിയ ഉപകരണം കേടുവന്നതിനെത്തുടർന്ന് നന്നാക്കാൻ കൊടുത്ത നെഫ്രോസ്കോപ്പാണെന്ന് തെളിഞ്ഞു. ഉപകരണം നന്നാക്കാൻ ആവശ്യമായ പണമില്ലാത്തതിനാൽ കന്പനിയോട് അത് തിരിച്ചയയ്ക്കാൻ ആവശ്യപ്പെട്ടതാണെന്നും അതായിരിക്കാം പരിശോധനയിൽ കണ്ട ഉപകരണമെന്നും ഹാരിസ് വ്യക്തമാക്കിയതോടെ ‘സിസ്റ്റം’ വീണ്ടും വെട്ടിലായി.
ഡോ. ഹാരിസിനെതിരേ പറയണമെന്നാവശ്യപ്പെട്ട് പത്രസമ്മേളനത്തിനിടെ ഡിഎംഇ ഡോ. വിശ്വനാഥ് പ്രിൻസിപ്പലിനെ വിളിച്ചത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ആകെ നാണക്കേടായി. ഇതോടെയാണ് ഡോ. ഹാരിസിനെ കുടുക്കാൻ ഉറച്ചുനിന്ന ആരോഗ്യ വകുപ്പ് ഇന്നലെ മലക്കം മറിഞ്ഞത്. അപാകതകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ഡോ. ഹാരിസിനെ വേട്ടയാടുകയാണെന്ന ജനവികാരവും വെളിച്ചത്തുവന്ന വസ്തുതകളും തിരിച്ചടിയാകുമെന്ന് ഉറപ്പായപ്പോഴാണ് സർക്കാരിന്റെ പിന്മാറ്റമെന്നതും ശ്രദ്ധേയമാണ്.
ഇനി വിവാദത്തിനില്ല: ഡോ. ഹാരിസ്
തിരുവനന്തപുരം: ആരോഗ്യമേഖലയിലെ അനാസ്ഥയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ ഒരാഴ്ചത്തെ അവധിയിൽ പോയ ഡോ. ഹാരിസ് ഇന്നലെ തിരികെ ജോലിയിൽ പ്രവേശിച്ചു. രണ്ട് ദിവസത്തെ അവധി റദ്ദാക്കിയാണ് അദ്ദേഹം ഇന്നലെ തിരികെ ജോലിയിൽ പ്രവേശിച്ചത്.
തന്റെ അസാന്നിധ്യം കാരണം കൂടുതൽ വിവാദങ്ങളുണ്ടാകാതിരിക്കാനാണ് പെട്ടെന്നുതന്നെ തിരിച്ചെത്തിയതെന്നും വിവാദങ്ങളുടെ പിന്നാലെയുണ്ടായ, കടുത്ത മാനസിക സമ്മർദത്തെ തുടർന്ന് ചികിത്സയ്ക്കായാണ് കഴിഞ്ഞ ദിവസങ്ങളിൽ താൻ ലീവെടുത്തതെന്നും അദ്ദേഹം ജോലിക്കു കയറുംമുന്പ് മാധ്യമങ്ങളോടു പ്രതികരിച്ചു.
മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗത്തിലായിരുന്നു അദ്ദേഹം ചികിത്സ തേടിയിരുന്നത്. സ്ഥിരമായി ബൈക്കിൽ ജോലിക്ക് എത്തിരിയുന്ന ഡോ. ഹാരിസ് ഇന്നലെ ഓട്ടോറിക്ഷയിലാണ് മെഡിക്കൽ കോളജിലെത്തിയത്.
താൻ ഉന്നയിച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും പരിഹരിക്കപ്പെട്ടെന്നും ഇനി വിവാദത്തിനില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. തനിക്കെതിരേ പ്രിൻസിപ്പൽ നടത്തിയ വാർത്താസമ്മേളനത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. തന്റെ വിഷയം കെജിഎംസിടിഎ ഏറ്റെടുത്തിട്ടുണ്ട്.
ഉപകരണങ്ങൾ തിരിച്ചറിയാൻ കഴിയാഞ്ഞതിൽ ആരെയും കുറ്റപ്പെടുത്താനില്ല. തന്റെ സാന്നിധ്യത്തിലായിരുന്നെങ്കിൽ താൻ വിശദീകരിച്ചു കൊടുക്കുമായിരുന്നു. ബിൽ തിരിച്ചറിയാതെ പോയതിലും തെറ്റില്ലെന്നും തന്റെ ഓഫീസ് റൂമിൽ ആർക്കു വേണമെങ്കിലും കയറാമെന്നും അവിടെ അസ്വാഭാവികത ഒന്നുമില്ലെന്നും ഡോ. ഹാരിസ് പ്രതികരിച്ചു.
മോഴ്സിലോസ്കോപ്പ് കാണാനില്ല എന്ന് താൻ പരാതി പറഞ്ഞിട്ടില്ല. ഏതെങ്കിലും ഉപകരണങ്ങൾ കാണാനില്ലെങ്കിൽ നോക്കിയെടുക്കാം എന്നാണു പറഞ്ഞത്. രോഗികളെ നോക്കുന്നതിനിടയിൽ ഇതൊക്കെ നോക്കിയിരിക്കാൻ കഴിയുമോ. ഉപകരണം കാണാനില്ലെന്ന് മന്ത്രി പറഞ്ഞത്, മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാകാം.
തന്റെ വിമർശനം മന്ത്രിക്ക് എതിരായിരുന്നില്ല. സിസ്റ്റത്തിന്റെയും ബ്യൂറോക്രസിയുടെയും മെല്ലപ്പോക്കിനെക്കുറിച്ചാണ് പറഞ്ഞത്. അതാണ് താൻ ഉദ്ദേശിച്ചത്. അത് വേറെ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു എന്നേയുള്ളൂ. ആരോഗ്യമന്ത്രി മാത്രമല്ല സർക്കാരും തന്നെ പിന്തുണയ്ക്കുന്നുണ്ട്. താൻ ആവശ്യപ്പെട്ട ഉപകരണങ്ങളിൽ ചിലത് വാങ്ങി നൽകി. ബാക്കിയുള്ളവ സമയബന്ധിതമായി എത്തിക്കാമെന്ന് ഉറപ്പുനൽകിയിട്ടുമുണ്ട്.
ചോദിച്ച കാര്യങ്ങൾക്ക് താൻ കൃത്യമായി മറുപടി നൽകിയിട്ടുണ്ട്. പക്ഷേ ചട്ടലംഘനമുണ്ട്. സർക്കാർ ജീവനക്കാർ മാധ്യമങ്ങളോട് പ്രതികരിക്കാൻ പാടില്ലെന്നാണ് ചട്ടം. പക്ഷേ അത് അപ്പോഴത്തെ സമ്മർദത്തിൽ പറഞ്ഞുപോയതാണ്. അക്കാര്യത്തിൽ മാപ്പപേക്ഷ നൽകും. അനാസ്ഥ വന്നിട്ടുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കാമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുറി തുറന്നു പരിശോധിക്കുന്നത് തന്നെ അറിയിക്കാതിരുന്നതായിരിക്കില്ല. സെെക്യാട്രി വിഭാഗത്തിൽ അഡ്മിറ്റായിരുന്നതിനാൽ താൻ ഫോണ് ഓഫ് ചെയ്ത് വച്ചിരുന്നു. ആ സമയത്ത് വിളിച്ചിട്ടുണ്ടോ എന്നറിയില്ല. വിവാദങ്ങൾ നീണ്ടുപോകുന്നത് തന്റെയും സംവിധാനത്തിന്റെയുമാകെ സമ്മർദം വർധിപ്പിക്കും. അതിനാൽ ഇനി വിവാദത്തിനില്ലെന്നും ഹാരിസ് പറഞ്ഞു.