സിസ്റ്റം ഇങ്ങനെയൊക്കെയാണ്...
Sunday, August 10, 2025 2:16 AM IST
സാബു ജോണ്
തിരുവനന്തപുരം: “അധികൃതർക്ക് എന്നെ വിശ്വാസമുണ്ടെങ്കിൽ സംരക്ഷിക്കട്ടെ. ഇല്ലെങ്കിൽ അന്വേഷിക്കട്ടെ. ഞാൻ തുറന്ന പുസ്തകമാണ്. ഒരു ഭയവുമില്ല-”തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സർജിക്കൽ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ അടിയന്തര ശസ്ത്രക്രിയകൾ പോലും മുടങ്ങുന്നു എന്നു തുറന്നുപറഞ്ഞ യൂറോളജി വകുപ്പു മേധാവി ഡോ. സി.എച്ച്. ഹാരീസിന്റെ ഇന്നലത്തെ വാക്കുകളാണിത്.
ഇങ്ങനെ പറയാൻ ധാർമിക കരുത്തുള്ള ഉദ്യോഗസ്ഥർ തീർത്തും കുറവായിരിക്കും. മടിയിൽ കനമില്ല എന്ന് ഉറപ്പുള്ളവർക്കു മാത്രം പറയാൻ കഴിയുന്ന കാര്യം. ഇരുചക്രവാഹനം ഓടിച്ച് ആശുപത്രിയിൽ എത്തുന്ന ഡോക്ടർ എന്നതുതന്നെ ഒരു അപൂർവതയാണല്ലോ. താൻ ചെയ്യുന്നത് "പ്രഫഷണൽ സൂയിസൈഡ്’ ആണെന്ന് അറിയാമെന്നു തുടക്കത്തിൽ തന്നെ പറഞ്ഞ ഡോ. ഹാരിസ് കടന്നു പോയത് കടുത്ത മാനസികസമ്മർദത്തിന്റെ നാളുകളിലൂടെയാണെന്നു വ്യക്തം.
കഴിഞ്ഞ ഒരാഴ്ചയോളം അവധിയിലായിരുന്ന ഡോക്ടർ ഇന്നലെ തിരികെയെത്തി ജോലിയിൽ പ്രവേശിച്ചു. അപ്പോഴേക്കും അദ്ദേഹത്തിനെതിരേ നടപടിയെടുക്കേണ്ട എന്ന തീരുമാനത്തിൽ "സിസ്റ്റം' എത്തിച്ചേർന്നു. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും ചേർന്നു നടത്തിയ വാർത്താസമ്മേളന നാടകംകൂടിയായതോടെ പൊതുജനാഭിപ്രായം ഡോക്ടർക്ക് അനുകൂലമായി എന്ന തിരിച്ചറിവിലാണു ഡോക്ടറെ വെറുതേ വിടാൻ തത്കാലത്തേക്കെങ്കിലും തീരുമാനിച്ചതെന്നു വ്യക്തം.
സർക്കാരിനെ വെട്ടിലാക്കിയ ഫേസ് ബുക്ക് പോസ്റ്റ്
സർജിക്കൽ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ അടിയന്തര ശസ്ത്രക്രിയകൾ വരെ മുടങ്ങുന്നു എന്നാണ് ഡോ. ഹാരിസ് ഫേസ് ബുക്കിൽ കുറിച്ചത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർക്ക് അനക്കമില്ലാത്തതിനാലാണ് താൻ ഇക്കാര്യം തുറന്നെഴുതിയതെന്നും ഡോക്ടർ അന്നു വ്യക്തമാക്കി. കടുത്ത വേദന അനുഭവിക്കുന്ന പാവപ്പെട്ട രോഗികൾക്ക് ആശ്വാസം നൽകാൻ കഴിയുന്നില്ലല്ലോ എന്ന ചിന്തയിൽനിന്നാണ് ഡോക്ടർ പൊട്ടിത്തെറിച്ചതെന്നു വേണം മനസിലാക്കാൻ. പരസ്യമായി തന്നെ ഇടതുപക്ഷ അനുഭാവം പ്രകടിപ്പിച്ചിട്ടുള്ള ഡോ. ഹാരിസിന് ഇടതുസർക്കാരിനെ അപകീർത്തിപ്പെടുത്തണമെന്ന ലക്ഷ്യമുണ്ടായിരുന്നു എന്നു കരുതാനാകില്ല.
"സിസ്റ്റ'ത്തെ പഴിച്ച് ആരോഗ്യമന്ത്രി
ഡോ. ഹാരിസ് പറഞ്ഞത് സർക്കാരിന്റെ മുന്നിലോ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ശ്രദ്ധയിലോ പെട്ടിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരണം. ചില പ്രശ്നങ്ങളുണ്ടെന്നു മന്ത്രി സമ്മതിച്ചു. ഡോ. ഹാരിസ് ഉന്നയിച്ചത് സിസ്റ്റത്തിന്റെ പ്രശ്നങ്ങളാണെന്നായിരുന്നു മന്ത്രിയുടെ വാദം.
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മെഡിക്കൽ കോളജിലേക്ക് ശസ്ത്രക്രിയ ഉപകരണങ്ങൾ ലഭിക്കുകകൂടി ചെയ്തതോടെ "സിസ്റ്റം' നന്നായി തുടങ്ങിയെന്നു പൊതുസമൂഹം വിശ്വസിച്ചു. ഇതിനിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ സർക്കാർ പ്രതിക്കൂട്ടിലായതോടെ ഡോ. ഹാരിസിന്റെ കാര്യം അധികൃതരും മറന്നു.
സിസ്റ്റം മറന്നില്ല, ഡോക്ടറുടെ വാക്കുകൾ
ഇതിനിടെ, ഹാരിസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഈ മാസം ഒന്നിന് മന്ത്രിയുടെ ഒരു വെളിപ്പെടുത്തൽ വന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലേക്ക് എംപി ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഉപകരണത്തിന്റെ ഒരു ഭാഗം കളവു പോയി, അല്ലെങ്കിൽ കാണുന്നില്ല. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
സമൂഹമാധ്യമത്തിലൂടെ പരസ്യമായി ആരോപണം ഉന്നയിച്ചതു വഴി സർവീസ് ചട്ടം ലംഘിച്ചു എന്നു കാണിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഹാരിസിന് കാരണംകാണിക്കൽ നോട്ടീസ് നൽകി. പത്തു ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടത്.
മോഷണ ആരോപണം ഉന്നയിച്ചതിന് അടുത്ത ദിവസംതന്നെ ഡോക്ടർക്കെതിരായ നീക്കമെന്നു മാധ്യമങ്ങൾ വരുത്തിതീർത്തു എന്ന ആക്ഷേപവുമായി മന്ത്രി രംഗത്തെത്തി. ഡോ. ഹാരിസിനെ വെറുതേ വിടൂ എന്നു മാധ്യമങ്ങളോട് അഭ്യർഥിച്ചുകൊണ്ട് ഡോക്ടർക്കു പിന്തുണ നൽകി.
ഡോക്ടർക്കെതിരായ നീക്കങ്ങൾ
ആരോപണങ്ങൾ കടുത്തതോടെ ഡോ. ഹാരിസ് കടുത്ത മാനസിക സമ്മർദത്തിലായി. അദ്ദേഹം അവധിയിൽ പ്രവേശിച്ചു. ചികിത്സ തേടി എന്നു ഡോക്ടർതന്നെ വ്യക്തമാക്കി. ഡോക്ടർ അവധിയിലായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസ് മുറി തുറന്നു വലിയ തോതിലുള്ള പരിശോധനകൾ നടത്തി. പിന്നീട് മറ്റൊരു താഴിട്ടു മുറി പൂട്ടുകയും ചെയ്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ, ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ്. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലും പിന്നീട് ഇവരും ഡെപ്യൂട്ടി സൂപ്രണ്ടും ബയോ മെഡിക്കൽ വിഭാഗം ജീവനക്കാരും ചേർന്നും പരിശോധന നടത്തി. ഇതു തന്നെ കുടുക്കുന്നതിനുവേണ്ടി അവിടെ കൃത്രിമം കാണിക്കുന്നതിനോ ചില ദുഷ്പ്രവൃത്തികൾ ചെയ്യാനോ ഉള്ള പദ്ധതിയാണെന്നു ഡോ. ഹാരിസ് കേരള ഗവണ്മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷനോടു പരാതിപ്പെട്ടു. ഇവർ ഡോക്ടർക്കു പിന്തുണയുമായി രംഗത്തെത്തി.
വാർത്താസമ്മേളനവും ഫോണ് കോളും
ഡോ. ഹാരിസ് ഡോക്ടർമാരുടെ സംഘടനയ്ക്കു നൽകിയ കുറിപ്പിനുള്ള മറുപടി എന്ന നിലയിലാണ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാറും സൂപ്രണ്ട് ഡോ. ബി.എസ്. സുനിൽകുമാറും വെള്ളിയാഴ്ച വാർത്താസമ്മേളനം നടത്തിയത്. യൂറോളജി വകുപ്പിൽനിന്ന് രണ്ടു മോർസിലേറ്ററുകൾ ലഭിച്ചെന്നും ഇവ ഓഗസ്റ്റ് രണ്ടിന് പ്രത്യക കവറിൽ എത്തിയതാണെന്നും അതിന്റെ ബിൽ ലഭിച്ചു എന്നുമാണ് ഇവർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഉപകരണം കടത്തിക്കൊണ്ടുപോയതാണെന്നും വിവാദമായപ്പോൾ തിരികെ കൊണ്ടു വന്നു വച്ചതാണെന്നും വരുത്താനായിരുന്നു ശ്രമം. എന്നാൽ മൂന്നു നെഫ്രോസ്കോപ്പുകൾ അറ്റകുറ്റപ്പണികൾക്കായി ഡോ. ഹാരിസ് അയച്ചിരുന്നെന്നും എന്നാൽ ഇതിന് ആവശ്യമായ പണം നൽകാൻ പറ്റില്ലെന്ന് അറിയിച്ചതിനെത്തുടർന്നു തിരിച്ചയച്ചെന്നും കാപ്സ്യൂൾ ഗ്ലോബൽ സൊലൂഷൻസ് മാനേജിംഗ് ഡയറക്ടർ വി. സുനിൽകുമാർ തന്നെ വ്യക്തമാക്കിയതോടെ തയാറാക്കി വന്ന തിരക്കഥ അപ്പാടെ പാളി.
പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനം നടത്തുന്നതിനിടെ സൂപ്രണ്ടിന്റെ ഫോണിലേക്കു വന്ന കോളും വിവാദമായി. “സർ” എന്നു വിളിച്ചു കൊണ്ട് സൂപ്രണ്ട് സംസാരിക്കുന്നതും “റിപ്പോർട്ട് വായിക്ക്” എന്നു പ്രിൻസിപ്പലിനോടു പറയുന്നതും കാണാമായിരുന്നു. റിമോട്ട് കണ്ട്രോൾ പോലെ ഇവരെ നിയന്ത്രിച്ച "സാർ' ആര് എന്ന ചോദ്യവും ഉയർന്നു. അതു താൻ ആയിരുന്നു എന്ന് ഇന്നലെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ സ്വമേധയാ വെളിപ്പെടുത്തി.
സിസ്റ്റം കീഴടങ്ങി
വാർത്താസമ്മേളനം തിരിച്ചടിക്കുകയും മാധ്യമങ്ങൾ ഡോ. ഹാരിസിനെ പിന്തുണച്ചു രംഗത്തു വരികയും ചെയ്തതോടെ സർവീസ് ചട്ടം ലംഘിച്ചതിന് ഡോക്ടറുടെ കൈയിൽനിന്ന് മാപ്പപേക്ഷ വാങ്ങി വിഷയം അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നാണ് അറിയുന്നത്. മന്ത്രി കണ്ടു സംസാരിച്ചെന്നും മന്ത്രിക്കു വിഷമമായി എന്നു പറഞ്ഞെന്നും ഡോ. ഹാരിസ് പറഞ്ഞു. അതിനു മന്ത്രിയോടു താൻ ഖേദപ്രകടനം നടത്തിയെന്നും ഹാരിസ് പറഞ്ഞു.
അപ്രിയമായ സത്യം വിളിച്ചുപറഞ്ഞ ജനകീയനായ ഒരു ഡോക്ടർക്കുണ്ടായ അനുഭവം എന്തെന്നു നമ്മൾ കണ്ടു. വൈരാഗ്യബുദ്ധിയോടെ ഡോക്ടറെ കുടുക്കാനുള്ള എന്തെല്ലാം ശ്രമങ്ങളാണ് ഉണ്ടായത്! മന്ത്രിയും സംവിധാനവും ഹാരിസിനെ വെറുതേ വിടാൻ നിർബന്ധിതരായെങ്കിലും അവർ പരാജയപ്പെട്ടു എന്നു കരുതാനാകില്ല. ഇങ്ങനെ അപ്രിയസത്യങ്ങൾ വിളിച്ചുപറയാൻ ഇനി ആരും മുന്നോട്ടുവരില്ല. കാലാവധി പൂർത്തിയാകാറായ ഒരു സർക്കാരിലെ മന്ത്രി സിസ്റ്റത്തിന്റെ തകരാർ എന്നു പറയുന്പോൾ അത് ആരുടെ തകരാർ ആണെന്നുകൂടി ചിന്തിക്കേണ്ടതല്ലേ.