തദ്ദേശീയ ജനതയുടെ അറിവ് സാമൂഹികമായി പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി
Sunday, August 10, 2025 2:16 AM IST
തിരുവനന്തപുരം: തദ്ദേശീയ ജനതയുടെ അറിവ് സാമൂഹികമായി പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തദ്ദേശീയ വൈദ്യത്തെയും കൃഷിയെയും വിത്തിനങ്ങളെയും കണ്ണാടി, പായ പോലുള്ള ഉൽപ്പന്നങ്ങളെയുമൊക്കെ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലിയുടെ സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ ഉദ്ഘാടനവും കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പട്ടികവർഗ വിദ്യാർഥികൾക്കായി പുതുതായി ആരംഭിക്കുന്ന സ്മാർട്ട് പഠനമുറി പദ്ധതിയുടെ പ്രഖ്യാപനവും ഉന്നതികളിലെ ദുരന്ത നിവാരണ മാർഗരേഖ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
ഇന്ത്യയിലെ ഏതു സംസ്ഥാനത്തെക്കാളും ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിൽ ജീവിക്കാൻ കേരളത്തിലെ പട്ടിക വിഭാഗക്കാർക്ക് കഴിയുന്നുണ്ട്. ഒരുതരത്തിലുള്ള വേർതിരിവുമില്ലാതെ, ജാതിയുടെ പേരിലുള്ള ആക്രമണങ്ങളോ ഉച്ചനീചത്വങ്ങളോ ഇല്ലാതെ സാമൂഹ്യ തുല്യതയോടെ സമാധാനപൂർണമായി ജീവിക്കാൻ അവർക്ക് സാധിക്കുന്നുണ്ട്. എന്നാൽ രാജ്യത്തെ മറ്റിടങ്ങളിൽ ഇതല്ല സ്ഥിതിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പാരമ്പര്യ നെൽവിത്തിന സംരക്ഷകനായ ചെറുവയൽ രാമനേയും പാരമ്പര്യ ഗോത്ര വൈദ്യത്തിൽ അഗ്രഗണ്യയായ ലക്ഷ്മിക്കുട്ടിയമ്മയേയും ‘മക്കൾ വളർത്തി’ എന്ന അപൂർവയിനം കൈതച്ചക്കയുടെ സംരക്ഷണത്തിന് പരപ്പിയേയും സിവിൽ സർവീസിലെ ഉന്നത വിജയത്തിന് ശ്രീധന്യ സുരേഷിനേയും ദേശീയ ഗെയിംസിൽ ജൂഡോയിൽ വിജയം നേടിയ ദേവീകൃഷ്ണയേയും പിന്നണി ഗായികയായ നഞ്ചിയമ്മയേയും പരിപാടിയിൽ മുഖ്യമന്ത്രി ഉപഹാരങ്ങൾ നൽകി ആദരിച്ചു.
വിദേശ പഠനത്തിനുള്ള ഉന്നതി ഓവർസീസ് സ്കോളർഷിപ്പ് ഓഫർ ലെറ്റർ മന്ത്രി ഒ.ആർ. കേളു വിദ്യാർഥികൾക്ക് കൈമാറി. നൂറു ശതമാനം വിജയം നേടിയ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കുളള ട്രോഫിയും പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുളള ലാപ് ടോപ്പും മന്ത്രി വിതരണം ചെയ്തു. വി. കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷനായിരുന്നു.