ദുരൂഹ സാഹചര്യത്തില്‍ സ്ത്രീകളെ കാണാതായ കേസ്; സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടത്തി
Sunday, August 10, 2025 2:16 AM IST
ചേർത്തല: ദുരൂഹ സാഹചര്യത്തില്‍ സ്ത്രീകളെ കാണാതായ കേസില്‍ പ്രതി സെബാസ്റ്റ്യനുമായി അന്വേഷണസംഘം ചേര്‍ത്തലയില്‍ തെളിവെടുപ്പ് നടത്തി.
ഇന്നലെ വൈകുന്നേരം അഞ്ചോടെ വടക്കേ അങ്ങാടിക്കവലയിലുള്ള ന്യൂഭാരത് ഹോം അപ്ലയിന്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിലാണ് കോട്ടയം ക്രൈംബ്രാഞ്ച് സംഘത്തിന്റെ നേതൃത്വത്തില്‍ സെബാസ്റ്റ്യനെ കൊണ്ടുവന്നത്.
ഇവിടെനിന്നു സെബാസ്റ്റ്യന്‍ 2024 ഡിസംബര്‍ 23ന് വേള്‍പൂളിന്റെ ഒരു ഫ്രിഡ്ജ് വാങ്ങിയിരുന്നു. സെബാസ്റ്റ്യന്‍ ഓട്ടോറിക്ഷ ഡ്രൈവറായ മനോജുമായാണ് സ്ഥാപനത്തിലെത്തിയതെന്ന് കടയുടമ പറഞ്ഞു. 17,500 രൂപ വിലയുള്ള ഫ്രിഡ്ജ് ഏറ്റുമാനൂരിലുള്ള സഹോദരിക്ക് നല്‍കാനാണെന്നും മനോജിന്റെ ഓട്ടോറിക്ഷയിലാണ് അത് കൊണ്ടുപോകുന്നതെന്നും സെബാസ്റ്റ്യന്‍ കടയുടമയോട് പറഞ്ഞു.
അന്വേഷണസംഘത്തോടൊപ്പം എത്തിയ സെബാസറ്റ്യനെ കടയുടമ തിരിച്ചറിഞ്ഞു. ഇവിടെ ഒരു മണിക്കൂറോളം തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് ഇവിടെ നിന്നു വടക്കേ അങ്ങാടി മുസ്ലിം പള്ളിക്കു പടിഞ്ഞാറ് സഹോദരന് ക്ലമന്റിന്റെ പേരിലുള്ള പുരയിടത്തിലും സെബാസ്റ്റ്യനെ എത്തിച്ചു.
പുരയിടവും അന്വേഷണസംഘം കുഴിച്ചു പരിശോധിക്കും.
വര്‍ഷങ്ങളായി താമസമില്ലാതെ കാടുപിടിച്ചുകിടക്കുന്ന സ്ഥലം അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. സഹോദരന് സ്ഥലത്തില്ലാത്തിതിനാല് ഇവിടം സെബാസ്റ്റ്യന്റെ നോട്ടത്തിലായിരുന്നു. ഇതു വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു.