കുട്ടികൾക്കു നേരേയുള്ള അതിക്രമവും പീഡനവും തടയാൻ കർമപദ്ധതി
Sunday, August 10, 2025 2:16 AM IST
ചാരുംമൂട്: വീട്ടിലും സമൂഹത്തിലും കുട്ടികൾ നേരിടുന്ന അതിക്രമങ്ങളും പീഡനങ്ങളും കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതു വിദ്യാഭ്യാസ വകുപ്പ് ‘സുരക്ഷാ മിത്രം’ എന്ന പേരിൽ പുതിയ കർമപദ്ധതി നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. ചാരുംമൂട് ബ്ലോക്ക് ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി പുതിയ കർമപദ്ധതി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയായി ഇതു മാറും. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല. ഈ വിഷയത്തിൽ സർക്കാർ അതീവ ഗൗരവത്തോടെയാണ് ഇടപെടുന്നത്. കുട്ടിക്ക് ആവശ്യമായ എല്ലാ സംരക്ഷണവും സഹായവും സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
‘സുരക്ഷാ മിത്രം’ പദ്ധതിയിലൂടെ കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ടെത്താനും അവർക്ക്ആവശ്യമായ സംരക്ഷണം ഒരുക്കാനും സാധിക്കും. എല്ലാ സ്കൂളുകളിലും കുട്ടികൾക്ക് പരാതികളും ദുരനുഭവങ്ങളും രഹസ്യമായി രേഖപ്പെടുത്താൻ ഒരു ഹെൽപ് ബോക്സ് സ്ഥാപിക്കും.
ഇത് പ്രധാനാധ്യാപകന്റെ ചുമതലയിലായിരിക്കും.ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് ലഭിക്കുന്ന വിവരങ്ങൾ വിലയിരുത്തി തുടർനടപടികൾക്കായി വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണം.കുട്ടികളുടെ പെരുമാറ്റത്തിലോ പഠനത്തിലോ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിച്ച്, എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് തിരിച്ചറിയാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും.
കുട്ടികളെ നിരീക്ഷിക്കുന്നതിനും അവരുമായി സൗഹൃദപരമായി ഇടപെടുന്നതിനും ഊന്നൽ നൽകും. ഡയറി എഴുത്ത്, സീറോ ഹവർ പോലുള്ള ആശയങ്ങളിലൂടെ കുട്ടികൾക്ക് അധ്യാപകരുമായി മനസുതുറന്ന് സംസാരിക്കാൻ അവസരം നൽകും.
വനിതാ ശിശുവികസനം, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം, ആരോഗ്യം, പോലീസ് തുടങ്ങിയ വകുപ്പുകളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത് . കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായം, കൗൺസിലിംഗ്, പുനരധിവാസം എന്നിവ ഉറപ്പുവരുത്താൻ ഈ വകുപ്പുകളുടെ സഹായം തേടും.
നിലവിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റി, ഹെൽപ് ലൈൻ എന്നിവയുടെ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രശ്നങ്ങളുള്ള രക്ഷിതാക്കൾക്ക് കൗൺസലിംഗ് നൽകാനായി നിലവിലുള്ള പാരന്റിംഗ് ക്ലിനിക്കുകൾ കൂടുതൽ സജീവമാക്കും. ബ്ലോക്ക് തലങ്ങളിൽ ഇതിനായി സംവിധാനങ്ങളുണ്ട്.സംരക്ഷണം ആവശ്യമുള്ള കുട്ടികൾക്കായി സർക്കാർ ഹോമുകളും പ്രത്യേക ഹോമുകളുംപ്രവർത്തിക്കുന്നുണ്ട്. ഈ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും.
ലഹരിവിമുക്ത പദ്ധതിക്കു വേണ്ടിതയാറാക്കിയ മാതൃകയിൽ, കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് മാർഗനിർദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.