ഗോവിന്ദന്റെ സമയം; ഗോവിന്ദൻ സന്ദർശിച്ചതു സ്ഥിരീകരിച്ച് ജ്യോത്സ്യൻ മാധവ പൊതുവാൾ
Sunday, August 10, 2025 2:16 AM IST
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എംഎൽഎ തന്നെ സന്ദർശിച്ചത് സ്ഥിരീകരിച്ച് പയ്യന്നൂരിലെ ജ്യോത്സ്യൻ മാധവ പൊതുവാൾ. കുടുംബത്തോടൊപ്പമാണു സന്ദർശനം നടത്തിയതെന്ന് വിവാദങ്ങൾക്കിടെ ജ്യോത്സ്യൻ വ്യക്തമാക്കി.
എം.വി. ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും അസുഖവിവരം അറിഞ്ഞാണ് അദ്ദേഹം കുടുംബസമേതം എത്തിയതെന്നും മാധവ പൊതുവാൾ വ്യക്തമാക്കി. മുഹൂർത്തമോ സമയമോ ഒന്നും ചോദിച്ചിട്ടില്ല. സ്നേഹബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല.
എം.വി. ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാൻ പറ്റില്ല. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും അദാനിയും തന്നെ വന്നു കാണാറുണ്ട്. അമിത്ഷാ എത്തിയത് ജാതകം നോക്കാനായിരുന്നു. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കൊണ്ടാകാം എം.വി. ഗോവിന്ദൻ വന്നത് വിവാദമാകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ചില നേതാക്കൾ ജ്യോത്സ്യനെ കാണുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയിലാണ് വിമർശനമുയർന്നത്. ഇതിന് പിന്നാലെ വാർത്തയോട് പ്രതികരിച്ച് പി. ജയരാജൻ രംഗത്തെത്തിയിരുന്നു. അങ്ങനെയൊരു വിമർശനം ഉയർന്നിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്ന് പി. ജയരാജനും പറഞ്ഞു.