വൃദ്ധസഹോദരിമാർ കൊല്ലപ്പെട്ട നിലയില്‍; സഹോദരനെ തെരയുന്നു
Sunday, August 10, 2025 2:16 AM IST
കോഴിക്കോട്: രോഗബാധിതരായ വൃദ്ധസഹോദരിമാരെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയനിലയില്‍ കണ്ടെത്തി. മരണവിവരം ബന്ധുക്കളെ അറിയിച്ച സഹോദരനുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. തടമ്പാട്ടുതാഴം ഫ്ളോറിക്കല്‍ റോഡിലെ വാടകവീട്ടില്‍ താമസിക്കുന്ന നടക്കാവ് മൂലന്‍കണ്ടി വീട്ടില്‍ ശ്രീജയ (72), പുഷ്പ (68) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെയാണ് ഇവര്‍ക്കൊപ്പം താമസിക്കുന്ന ഇളയ സഹോദരന് പ്രമോദ് ബന്ധുക്കളെ ഫോണില്‍ വിളിച്ച് മരണവിവരം അറിയിച്ചത്. ബന്ധുക്കളെത്തി വീട് തുറന്നുനോക്കിയപ്പോള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയയിരുന്നു.
വെള്ളത്തുണി പുതപ്പിച്ച് തലമാത്രം പുറത്തുകാണുന്ന നിലയില്‍ രണ്ടുമുറികളിലായിരുന്നു മൃതദേഹങ്ങള്‍. ബന്ധുക്കളെത്തിയപ്പോള്‍ പ്രമോദ് വീട്ടിലുണ്ടായിരുന്നില്ല. പ്രമോദിനെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതോടെ ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിച്ചു.
ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ഉച്ചയ്ക്ക് ഒന്നരയോടെ ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപത്തു പ്രമോദിന്റെ ഫോണിന്റെ ലൊക്കേഷന്‍ കാണിച്ചിരുന്നു. ഈ ഭാഗങ്ങളില്‍ പോലീസ് അന്വേഷിച്ചുവരികയാണ്.
മൂന്നു വര്‍ഷമായി ശ്രീജയയും പുഷ്പയും സഹോദരനുമൊരുമിച്ചാണ് താമസിച്ചിരുന്നത്. ശ്രീജയ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് സ്വീപ്പറായി വിരമിച്ചയാളാണ്. ഇവരുടെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ശ്രീജയ ശാരീരികാവശതകളെത്തുടര്‍ന്ന് കിടപ്പിലായിരുന്നു. പുഷ്പയ്ക്കു മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് അറിയിച്ചു. ഇരുവരെയും പരിചരിക്കുന്നത് പ്രമോദാണ്.
ചേവായൂര്‍ ഇന്‍സ്പക്ടര്‍ ടി. മഹേഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. കൊലപാതകമാണെന്നും ശ്വാസംമുട്ടിയാണ് ഇരുവരും മരിച്ചതെന്നുമാണ് പ്രാഥമിക വിവരം.