കോണ്ഗ്രസ് വിടുന്നവർ എത്തുന്നത് ബിജെപിയിലേക്ക്: ശോഭാ സുരേന്ദ്രൻ
Sunday, August 10, 2025 2:16 AM IST
നിലന്പൂർ: കോണ്ഗ്രസ് വിടുന്നവർ നേരെ എത്തുന്നത് ബിജെപിയിലേക്കാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. ഇപ്പോൾ കോണ്ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാക്കളാണ് പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരായുള്ളത്. സിപിഎമ്മിന്റെ നിലയും പരിതാപകരമാണ്.
കേരളത്തിൽ മാത്രമാണ് അവർക്ക് മുഖ്യമന്ത്രി സ്ഥാനമുള്ളത്. നിലമ്പൂരിൽ ടി.എൻ. ഭരതൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ. സിപിഎമ്മിന്റെ ഉദക ക്രിയയാണ് കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് പാർട്ടി സമ്മേളനം നടക്കുന്ന ഇടങ്ങളിലേക്ക് ഹെലികോപ്റ്ററിൽ പറന്നുവരുന്ന മുഖ്യമന്ത്രിക്ക് പഹൽഗാമിൽ തീവ്രവാദികളാൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹത്തെ ഒന്നു കാണാനോ സ്പർശിക്കാനോ സമയം ഉണ്ടായില്ല.
സമൂഹത്തിൽ അനീതിക്കെതിരേ പോരാടിയ നേതാവായിരുന്നു ടി.എൻ. ഭരതനെന്നും മലപ്പുറം ജില്ലയിൽ മാത്രമല്ല സംസ്ഥാനത്താകെ ബിജെപിക്ക് ഇന്ന് ഉണ്ടായിരിക്കുന്ന വളർച്ചക്ക് അടിത്തറ പാകിയ നേതാവായിരുന്നു അദ്ദേഹമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.ആർ. രശ്മിൽനാഥ് അധ്യക്ഷത വഹിച്ചു