ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് യുവാവ് മരിച്ചു
Sunday, August 10, 2025 2:16 AM IST
ചങ്ങനാശേരി: എംസി റോഡില്‍ കുറിച്ചി കാലായിപ്പടിയില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് സിഗ്നല്‍ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.
കുറിച്ചിയില്‍ വാടകയ്ക്ക് താമസിക്കുന്ന നീലംപേരൂര്‍ നികത്തില്‍ പി.വി. ജോവര്സണിന്റെ മകന് ജെവിന്‍ (21) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന അലന്, അഭിഷേക് എന്നിവര്‍ക്കും ഗുരുതര പരിക്കേറ്റു.
ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. കുറിച്ചിയില്‍ തട്ടുകടയില്‍ ഭക്ഷണം കഴിച്ചു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചതെന്നു പോലീസ് പറഞ്ഞു. റോഡില്‍ നിന്നു തെന്നിമാറിയ ബൈക്ക് റോഡരികിലെ സിഗ്നല്‍ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റോഡില്‍ വീണ് കിടന്ന മൂന്നു യുവാക്കളെയും നാട്ടുകാരും പോലീസും ചേര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ജെവിന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
നീലംപേരൂര്‍ സ്വദേശിയായ ജെവിന്‍ കുറിച്ചിയിലാണ് വാടകയ്ക്ക് താമസിക്കുന്നത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട്. ജെവിന്റെ അമ്മ: മിനി. സഹോദരി: ജെമ്ന.