ഡിജിറ്റൽ സർവകലാശാലാ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടേക്കില്ല
Sunday, August 10, 2025 2:16 AM IST
തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലാ വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണ നടപടി ഭേദഗതി വരുത്തിയ കരട് ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചേക്കില്ല.
വിസി നിയമന ഓർഡിനൻസ് സുപ്രീംകോടതി ഉത്തരവുകൾക്കു വിരുദ്ധമാണെന്ന നിയമോപദേശമാണ് രാജ്ഭവനു ലഭിച്ചതെന്നാണു വിവരം. ഇപ്പോൾ ഗോവയിലുള്ള ഗവർണർ ആർ.വി. അർലേക്കർ ഇന്നു മടങ്ങിയെത്തിയ ശേഷം ഇതു സംബന്ധിച്ച ഫയൽ പരിശോധിക്കും.
വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്താൻ പാടില്ലെന്നു സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. ഡിജിറ്റൽ സർവകലാശാലാ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സംസ്ഥാന സർക്കാർ നിർദേശിക്കുന്ന ഉന്നത വിദ്യാഭ്യാസമേഖലയിലെ വിദഗ്ധനെ ഉൾപ്പെടുത്താൻ കരട് ഓർഡിനൻസിൽ ശിപാർശ ചെയ്യുന്നു.
സെർച്ച് കമ്മിറ്റി വിസി നിയമനത്തിനായി ഒറ്റപ്പേര് ഗവർണർക്കു സമർപ്പിക്കാൻ പാടില്ലെന്നും വിവിധ ഘട്ടങ്ങളിലെ കോടതി വിധികളിലുണ്ട്. എന്നാൽ, ഇപ്പോഴത്തെ ശിപാർശയിൽ അഞ്ചംഗം സെർച്ച് കമ്മിറ്റി ഏകകണ്ഠമായി ഒറ്റപ്പേര് ഗവർണറോടു ശിപാർശ ചെയ്യാമെന്നും വ്യക്തമാക്കുന്നു.
ഇതു കൂടാതെ അടുത്ത മാസം നിയമസഭാ സമ്മേളനം ചേരാനിരിക്കേ ഓർഡിനൻസ് ഇറക്കണമെന്ന സർക്കാർ ശിപാർശയിലും രാജ്ഭവന് അതൃപ്തിയുണ്ട്. ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ സ്ഥാനത്തുനിന്നു ഡോ. സിസാ തോമസിനെ ഒഴിവാക്കാനാണ് തിടുക്കപ്പെട്ട സർക്കാരിന്റെ നടപടികളെന്നും വിമർശനമുയരുന്നു.
നിയമസഭാ സമ്മേളനം ചേരുന്പോൾ, ഡിജിറ്റൽ സർവകലാശാലാ വിസി നിയമനവുമായി ബന്ധപ്പെട്ട ഭേദഗതി ബിൽ കൊണ്ടുവരുമെന്നാണ് സർക്കാരുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച കരട് ഓർഡിനൻസ് വെള്ളിയാഴ്ച രാജ്ഭവനിൽ പ്രത്യേക ദൂതൻ വഴി എത്തിക്കുകയായിരുന്നു.
അഞ്ചംഗങ്ങളുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറായ ഗവർണറുടെ പ്രതിനിധിയെ ഒഴിവാക്കിയതും വിവാദമാണ്. ഉന്നത വിദ്യാഭ്യാസ കൗണ്സിൽ ശിപാർശ ചെയ്യുന്ന ഐടി വിദഗ്ധൻ, സയൻസ് ആൻഡ് ടെക്നോളജി വിദഗ്ധൻ, യുജിസി പ്രതിനിധി, സർവകലാശാലാ ബോർഡ് ഓഫ് ഗവേണേഴ്സ് പ്രതിനിധി എന്നിവരാണ് മറ്റുള്ളവർ. വിസി നിയമനത്തിനുള്ള പരമാവധി പ്രായം 70 ആക്കി ഉയർത്താനും വ്യവസ്ഥയുണ്ട്. വിസിയുടെ ഒഴിവുണ്ടാകുന്നതിന് മൂന്നു മാസം മുൻപു സർക്കാരിന് വിജ്ഞാപനമിറക്കാം.