ഉന്നതവിദ്യാഭ്യാസരംഗത്തു പൊളിച്ചെഴുത്ത് ആവശ്യം: സണ്ണി ജോസഫ്
Sunday, August 10, 2025 2:16 AM IST
തൃശൂർ: കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുന്നതിനു പകരം അധികാര ദുർവിനിയോഗവും സർക്കാർ - ഗവർണർ പോരും കാരണം അധ്യാപകരുടെയും വിദ്യാർഥികളുടെയും ഉന്നമനം അവതാളത്തിലായെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) വൈഎംസിഎ ഹാളിൽ സംഘടിപ്പിച്ച സിൽവർ ജൂബിലി സമാപനവും സംസ്ഥാന നേതൃപരിശീലന ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാലുവർഷ ബിരുദത്തിന്റെ പോരായ്മകൾ പരിഹരിക്കണം. കോളജുകളിൽ വിദ്യാർഥികൾ കുറയുന്നത് ആശങ്കാജനകമാണ്. ഉന്നതവിദ്യാഭ്യാസരംഗത്ത് പൊളിച്ചെഴുത്ത് ആവശ്യമാണെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് മുഖ്യപ്രഭാഷണം നടത്തി. ജോസ് വള്ളൂർ, എ. പ്രസാദ് എന്നിവർ പ്രസംഗിച്ചു. സിൽവർ ജൂബിലി സുവനീർ പ്രകാശനം പ്രഫ. ഡോ. എം.ബി. മനോജ് നിർവഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എം. ലിജു സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ജനറൽ സെക്രട്ടറി റോണി ജോർജ്, പ്രോഗ്രാം ജനറൽ കൺവീനർ പ്രഫ.ഡോ. വി.എം. ചാക്കോ എന്നിവർ നേതൃത്വം നല്കി.