സ്വാതന്ത്ര്യനിഷേധത്തിൽ വികൃതമാകുന്നത് ഭാരതത്തിന്റെ മുഖം: മാർ കല്ലറങ്ങാട്ട്
Sunday, August 10, 2025 2:16 AM IST
ചെമ്മലമറ്റം (പാലാ): ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം നിഷേധിക്കുന്പോൾ മതേതരരാഷ്ട്രമായ ഭാരതത്തിന്റെ മുഖമാണു വികൃതമാകുന്നതെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.
സേവനത്തിലൂടെയും പ്രാർഥനയിലൂടെയും ക്രിസ്തുവിനെ പകർന്നുനൽകുന്ന മിഷണറിമാരെയും സന്യസ്തരെയും ക്രിമിനലുകളായി ചിത്രീകരിക്കുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ ലംഘനമാണെന്നും ബിഷപ് അഭിപ്രായപ്പെട്ടു.
ചെമ്മലമറ്റം പള്ളിയിൽ മിഷൻലീഗ് സ്ഥാപകനേതാവ് പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേലിന്റെ (മിഷൻലീഗ് കുഞ്ഞേട്ടൻ) 16ാ മത് ചരമവാർഷികവും സംസ്ഥാന കൗൺസിലും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ കല്ലറങ്ങാട്ട്. സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖ പ്രഭാഷണം നടത്തി. അന്തർദേശീയ ഡയറക്ടർ ഫാ ജയിംസ് പുന്നപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി.
ജെയ്സൺ പുളിച്ചുമാക്കൽ, തോമസ് അടുപ്പുകല്ലുങ്കൽ, ഡേവിസ് വല്ലൂരാൻ, ബെന്നി മുത്തനാട്ട്, ഫാ. ജോസ് പ്രകാശ്, ജസ്റ്റിൻ വയലിൽ, ചാക്കോ പല്ലാട്ടുകുന്നേൽ, സിസ്റ്റർ മേരി ജൂലിയ ഡിഐഎച്ച്, ബേബി പ്ലാശേരി എന്നിവർ പ്രസംഗിച്ചു. പാലാ രൂപത ഡയറക്ടർ ഫാ ജോർജ് ഞാറക്കുന്നേൽ സ്വാഗതമാശംസിച്ചു.
വിശുദ്ധ കുർബാനയ്ക്കുശേഷം നടത്തിയ അനുസ്മരണയാത്രയിലും കബറിടത്തിങ്കൽ നടത്തിയ പ്രാർഥനയിലും വിവിധ രൂപതകളിൽനിന്നെത്തിയ വൈദികർ, സന്യസ്തർ, അല്മായ നേതാക്കൾ എന്നിവർ പങ്കെടുത്തു.