യുഡിഎഫ് ഹെൽത്ത് കമ്മീഷൻ സിറ്റിംഗ് 12ന്
Sunday, August 10, 2025 2:16 AM IST
കൊച്ചി: യുഡിഎഫ് നിയമിച്ച ഹെൽത്ത് കമ്മീഷന്റെ ആദ്യസിറ്റിംഗ് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ 12ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടക്കും. സംസ്ഥാന ആരോഗ്യരംഗത്തെ വീഴ്ചകൾ പഠിക്കുന്നതിനും പരിഹാരനിർദേശം സമർപ്പിക്കുന്നതിനുമാണ് കമ്മീഷനെ നിയമിച്ചിരിക്കുന്നത്.
കമ്മീഷൻ അധ്യക്ഷൻ ഡോ. എസ്.എസ്. ലാൽ, അംഗങ്ങളായ ഡോ. ശ്രീജിത്, എൻ. കുമാർ, ഡോ. പി.എൻ. അജിത, ഡോ. രാജൻ ജോസഫ് മാഞ്ഞൂരാൻ, ഡോ. ഒ. ടി. മുഹമ്മദ് ബഷീർ എന്നിവരാണു സിറ്റിംഗിൽ പങ്കെടുക്കുന്നത്.
ആരോഗ്യരംഗത്തുള്ള ഗുരുതര പ്രശ്നങ്ങളും അതുവഴി ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും സംബന്ധിച്ച് കമ്മീഷൻ വിശദമായ റിപ്പോർട്ട് തയാറാക്കും. പരിപാടിയിൽ ആരോഗ്യവിദഗ്ധർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം.