ചര്‍ച്ചയ്ക്കൊടുവില്‍ കൈ കൊടുത്തതല്ലാതെ ശബരി പദ്ധതിക്ക് അനക്കമില്ല
Sunday, August 10, 2025 2:16 AM IST
കോട്ടയം: കേന്ദ്ര-സംസ്ഥാന പ്രതിനിധികള്‍ കൈകൊടുത്തു പിരിഞ്ഞതല്ലാതെ ശബരി റെയില്‍വെ പദ്ധതിക്ക് അനക്കമില്ല. അങ്കമാലി മുതല്‍ എരുമേലി വരെയുള്ള പദ്ധതി ഉപേക്ഷിക്കാനുള്ള മുന്‍ തീരുമാനം പിന്‍വലിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയെങ്കിലും തിനുള്ള പ്രഖ്യാപനം നടന്നിട്ടില്ല.
സംസ്ഥാനം പാതയ്ക്കുള്ള സ്ഥലം ഏറ്റെടുത്തു കൊടുക്കുമെന്ന് ഉറപ്പുപറഞ്ഞതല്ലാതെ കാബിനറ്റില്‍ ഇത് ചര്‍ച്ചയാകുകയോ ഒപ്പുവയ്ക്കുകയോ ചെയ്തിട്ടില്ല. അങ്കമാലി മുതല്‍ തൊടുപുഴ വരെ മാത്രമാണ് സാമൂഹികാഘാത പഠനം നടന്നിട്ടുള്ളത്.
സ്ഥലം കല്ലിട്ട് വേര്‍തിരിച്ച തൊടുപുഴ മുതല്‍ പിഴക് വരെ സാമൂഹികാഘാത പഠനം നടന്നിട്ടില്ല. പിഴക് മുതല്‍ എരുമേലി വരെ അന്തിമ സര്‍വെയോ ആഘാത പഠനമോ നടത്തിയിട്ടില്ല. കാലടി മുതല്‍ തൊടുപുഴ വരെ സ്ഥലം ഏറ്റെടുക്കാന്‍ 600 കോടി രൂപ വേണം. തൊടുപുഴ മുതല്‍ എരുമേലി വരെ 550 കോടിയും. ആകെ 3810 കോടി ചെലവുവരുന്ന ശബരി പദ്ധതിയില്‍ 1905 കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് മുടക്കേണ്ടത്.
ഭൂമി ഏറ്റെടുക്കാനായി റവന്യൂ ഉദ്യോഗസ്ഥരുടെ പ്രത്യേക യൂണിറ്റ് രൂപീകരിക്കുക, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ നിര്‍ത്തലാക്കിയ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസുകള്‍ പുനരാരംഭിക്കുക തുടങ്ങിയ നടപടികള്‍ക്കും വേഗമില്ല.
ശബരി പാതയ്ക്കുവേണ്ടി മൂന്ന് ജില്ലകളിലായി 416 ഹെക്ടര്‍ ഭൂമി വേണ്ടി വരും. എറണാകുളം ജില്ലയിലെ 152 ഹെക്ടറില്‍ 24.40 ഹെക്ടര്‍ മാത്രമാണ് ഏറ്റെടുത്തത്.
അങ്കമാലി മുതല്‍ എരുമേലി വരെ 111.48 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് പാത. അങ്കമാലിക്കും കാലടിയ്ക്കും ഇടയില്‍ ഏഴ് കിലോമീറ്റര്‍ പാത നിര്‍മാണവും കാലടി സ്റ്റേഷന്റെ നിര്‍മാണവും പൂര്‍ത്തിയായതല്ലാതെ മറ്റ് നടപടികള്‍ മുന്നോട്ടുപോയില്ല.