കാലവർഷം ദുർബലമായി; ഇനി നാലുനാൾ തെളിഞ്ഞ പകൽ
Sunday, August 10, 2025 2:16 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമായി. അടുത്ത നാല് ദിവസങ്ങളിൽ കേരളത്തിലെവിടെയും കനത്ത മഴയ്ക്ക് സാധ്യതയില്ല. ജാഗ്രതാ നിർദേശങ്ങളുമില്ല. എന്നാൽ ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം തെക്കുപടിഞ്ഞാറൻ കാലവർഷം രണ്ട് മാസം പിന്നിടുന്പോൾ സംസ്ഥാനത്ത് 14 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ വരെ 1462.5 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 1263 മില്ലിമീറ്ററാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഇതിനോടകം ഭൂരിഭാഗം ജില്ലകളിലും ശരാശരിക്കടുത്ത് മഴ ലഭിച്ചെങ്കിലും വയനാട്ടിലും ഇടുക്കിയിലും മഴക്കുറവ് രൂക്ഷമായി തുടരുകയാണ്. വയനാട് ജില്ലയിൽ 42 ശതമാനവും ഇടുക്കി ജില്ലയിൽ 33 ശതമാനവും മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മലപ്പുറത്ത് 24 ശതമാനവും കോഴിക്കോട്ട് 20 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിയപ്പോൾ കോട്ടയത്ത് മഴക്കുറവ് 12 ശതമാനമാണ്. കണ്ണൂരിൽ 10 ശതമാനവും പത്തനംതിട്ടയിൽ എട്ട് ശതമാനവും അധികമഴ പെയ്തതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.