ഗതാഗത നിയമലംഘനം: ഫോണില്‍ ചിത്രമെടുക്കുന്നത് നിയമവിരുദ്ധം
Sunday, August 10, 2025 2:16 AM IST
തൃശൂര്‍: വാഹനഗതാഗത നിയമലംഘനം സംബന്ധിച്ചു പെറ്റി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്നതു നിയമവിരുദ്ധം.
മോട്ടോര്‍ വെഹിക്കിള്‍ നിയമം 167 എ അനുസരിച്ചു പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉപകരണം ഉപയോഗിച്ചുമാത്രമേ ചിത്രങ്ങളെടുക്കാന്‍ കഴിയൂ. ഇതിനു വിരുദ്ധമായി വെഹിക്കിള്‍ - പോലീസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുകയും ഇ-ചലാന്‍ മുഖാന്തരം പിഴചുമത്തുകയും ചെയ്യുന്നതിനെതിരേ സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു.
ചില ഉദ്യോഗസ്ഥര്‍ മൊബൈലില്‍ പകര്‍ത്തിയശേഷം അനധികൃത പണപ്പിരിവു നടത്തുന്നെന്നും കൈക്കൂലി വാങ്ങി ദൃശ്യങ്ങള്‍ മായ്ച്ചുകളയുന്നെന്നും കേരള ടോറസ് ടിപ്പര്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി ജോണ്സണ് പടമാടന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമം ലംഘിച്ചു തയാറാക്കിയ ചലാനുകള്‍ റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുക്കാന്‍ പാടില്ലെന്ന് നിലവില്‍ ഇടുക്കി ജില്ലയിലെ എല്ലാ എസ്എച്ച്ഒമാര്‍ക്കും ഇടുക്കി സബ്ഡിവിഷന് പോലീസ് കാര്യാലയത്തില്‍നിന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാനമായ നിര്‍ദേശം എല്ലാ ജില്ലകളിലും നല്‍കണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു.
മോട്ടോര്‍ വെഹിക്കിള്‍ നിയമം 167 എ അനുസരിച്ച് സ്പീഡ് കാമറ, ഡാഷ്ബോര്‍ഡ് കാമറ, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നീഷന്‍ (എഎന്‍പിആര്‍), വെയിംഗ് മെഷീന് എന്നിവയടക്കം സംസ്ഥാനസര്‍ക്കാരുകള്‍ നിര്‍ദേശിച്ച മാര്‍ഗങ്ങളില്‍കൂടി മാത്രമാകണം ഗതാഗതലംഘനങ്ങള്‍ കണ്ടെത്തേണ്ടത്.