ആരോപണം ആവർത്തിച്ച് വി.എസ്. സുനിൽകുമാർ
Sunday, August 10, 2025 2:16 AM IST
തൃശൂർ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർപട്ടികയിൽ അട്ടിമറി നടന്നുവെന്ന് ആവർത്തിച്ച് സിപിഐ നേതാവും എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി.എസ്. സുനിൽകുമാർ.
അട്ടിമറിവിവരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങൾ യഥാസമയം പരാതി കൊടുത്തില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ ആക്ഷേപം അടിസ്ഥാനരഹിതവും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.
മുഖ്യവരണാധികാരിയായ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയ്ക്കു മൂന്നു തവണകളായി രേഖാമൂലം പരാതിനൽകിയിരുന്നു. അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ തെറ്റിദ്ധരിപ്പിച്ചതാണോ എന്നും സംശയമുണ്ട്.
സ്ഥാനാർഥിയായിരുന്ന തന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ആയിരുന്ന കെ.പി. രാജേന്ദ്രനാണ് പരാതി നൽകിയത്. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയില്ലെന്നു പറയുന്നതും ഹൈക്കോടതിയെ സമീപിക്കാമായിരുന്നില്ലേ എന്ന ചോദ്യം ഉന്നയിക്കുന്നതും ആരെ സംരക്ഷിക്കാനാണെന്നും സുനിൽകുമാർ ചോദിച്ചു.
ആദ്യ കരടുപട്ടികയ്ക്കു ശേഷമാണ് പുതിയ വോട്ടുകൾ ബിജെപിക്കാർ ചേർത്തത്. ഒരാൾക്ക് ഒരു സ്ഥലത്തു വീടുണ്ട് എന്ന കാരണത്താൽ അവിടത്തെ വോട്ടറാകില്ല. അവസാനഘട്ടത്തിലാണ് തൃശൂരിൽ വോട്ടുകൾ മുഴുവൻ ചേർത്തത്.
വോട്ട് ചേർക്കുന്നതിലെ നിയമങ്ങൾ ലഘൂകരിച്ചത് അനർഹർപോലും വോട്ടുചേർക്കുന്നതിന് ഇടയാക്കി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഇത്തരത്തിൽ വോട്ടുകൾ ചേർത്തത്. ആലത്തൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ വോട്ടർമാരെ തൃശൂരിൽ ചേർത്തു.
കഴിഞ്ഞദിവസം കമ്മീഷന്റെ സൈറ്റിൽ കയറാൻ ശ്രമിക്കുന്പോൾ സാങ്കേതികപ്രശ്നം കാണിച്ചതു സംശയാസ്പദമാണെന്നും സുനിൽകുമാർ മാധ്യമങ്ങളോടു പറഞ്ഞു.