ഒഡീഷയിലെ ബജ്രംഗ്ദൾ ആക്രമണം; കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ ജ്വാല നടത്തി
Sunday, August 10, 2025 2:16 AM IST
കട്ടപ്പന: ഒഡീഷയിൽ വൈദികർക്കും സന്യാസിനിമാർക്കുംനേരേ നടന്ന ബജ്രംഗ്ദൾ ആക്രമണത്തിനെതിരേ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. രാജമുടിയിൽ നടന്ന പ്രതിഷേധജ്വാല സമരം ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, വൈസ് പ്രസിഡന്റ് ഡോ. കെ.എം. ഫ്രാൻസിസ്, ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൻ, ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, സെക്രട്ടറി സിജോ ഇലന്തൂർ, ജോർജ്കുട്ടി പുന്നക്കുഴി എന്നിവർ നേതൃത്വം നൽകി.
ഒഡീഷയിൽ നടന്ന ആക്രമണം സർക്കാർ സ്പോൺസേഡ് അക്രമമാണെന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതി ആരോപിച്ചു.
രാജ്യത്ത് ഹൈന്ദവ-ക്രൈസ്തവ സംഘർഷമുണ്ടാക്കാൻ തീവ്രവാദ ഗ്രൂപ്പുകൾ ശ്രമിക്കുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങളുണ്ടായിട്ടും ആക്രമികളെ അഴിഞ്ഞാടാൻ അനുവദിക്കുന്നത് ദേശവിരുദ്ധതയാണ്. രാജ്യത്തെ ആദിവാസികൾക്കും പിന്നാക്കക്കാർക്കും വിദ്യാഭ്യാസവും നല്ല ജീവിതസാഹചര്യവും ലഭിക്കുന്നതിൽ എതിർപ്പുള്ളവരാണ് മതപരിവർത്തനം ആരോപിച്ച് അക്രമം അഴിച്ചുവിടുന്നത്.
അധികാരത്തിന്റെ തണലിൽ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ അട്ടിമറിക്കുന്ന സ്ഥിതി അംഗീകരിക്കാനാകില്ല. പരസ്യ കൊലവിളികൾ നടത്തി ഭീഷണിയിലൂടെയും അക്രമത്തിലൂടെയും കള്ളക്കേസുകളിലൂടെയും ക്രൈസ്തവസമൂഹത്തെ ഇല്ലാതാക്കാനുള്ള ബജ്രംഗ്ദൾ നേതൃത്വത്തിലുള്ള ഭീകരതകൾ തുടച്ചു നീക്കണം.
ഭീഷണിപ്പെടുത്തി വിശ്വാസം ഉപേക്ഷിപ്പിക്കാനാണു ശ്രമിക്കുന്നതെങ്കിൽ അതു നടക്കില്ലെന്നും നടപടികൾ ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് അറിയിച്ചു.