പാലം തകർന്ന സംഭവം: കരാറുകാരനെ കരിന്പട്ടികയിൽ പെടുത്തി
Sunday, August 10, 2025 2:16 AM IST
തിരുവനന്തപുരം: നിർമാണത്തിലിരിക്കേ മാവേലിക്കര കീച്ചേരിക്കടവ് പാലം തകർന്ന് രണ്ടു പേർ മരിക്കാൻ ഇടയായ സംഭവത്തിൽ കരാറുകാരനും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും എതിരേ നടപടി.
പാലം നിർമാണത്തിലെ അപാകത ജനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും തിരുത്താതിരിക്കുകയും നിർമാണ മേൽനോട്ടത്തിൽ ഗുരുതര വീഴ്ച വരുത്തുകയും ചെയ്ത സംഭവത്തിലാണ് കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരേ നടപടി സ്വീകരിച്ചത്.
കീച്ചേരിക്കടവ് പാലത്തിന്റെ കരാറുകാരൻ വല്യത്ത് ഇബ്രാഹീംകുട്ടിയെ കരിന്പട്ടികയിൽ പെടുത്താൻ പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശം നൽകി. നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതലയുണ്ടായിരുന്ന പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ടെസി തോമസ്, അസിസ്റ്റന്റ് എൻജിനീയർ എസ്. ശ്രീജിത്ത്, ഓവർസിയർ വൈ. യതിൻകുമാർ എന്നിവരെ സസ്പെൻഡ് ചെയ്യാനും മന്ത്രി നിർദേശിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരേയുള്ള അച്ചടക്ക നടപടി സ്വീകരിക്കും. പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരേ നടപടി സ്വീകരിച്ചത്.