വോട്ട് കൊള്ള, ബിഹാർ വോട്ടർപട്ടിക ; പാർലമെന്റ് വീണ്ടും പ്രക്ഷുബ്ധമാകും
Sunday, August 10, 2025 2:16 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തോടൊപ്പം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തെളിവുകൾ സഹിതം പുറത്തുവിട്ട വോട്ടുകൊള്ള ആരോപണവും നാളെ പാർലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കും.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ ഇന്ത്യ സഖ്യം നാളെ രാവിലെ നടത്തുന്ന മാർച്ചും പാർലമെന്റിലും പുറത്തും ഈ വിഷയം ഉന്നയിച്ചു പ്രതിപക്ഷം നടത്തുന്ന പ്രതിഷേധവും പ്രശ്നം ദേശീയതലത്തിൽ കോളിളക്കം സൃഷ്ടിക്കും.
തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടർപട്ടികയിൽനിന്ന് ബംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ലക്ഷത്തിലേറെ വോട്ടുകളുടെ കൊള്ള നടന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം മൂന്നു ദിവസം കഴിഞ്ഞിട്ടും കമ്മീഷൻ നിഷേധിച്ചിട്ടില്ലെന്നു കോണ്ഗ്രസ് ചൂണ്ടിക്കാട്ടി. രാഹുൽ പറഞ്ഞതു നിഷേധിക്കാനാകാത്ത വസ്തുതകളാണെന്നതിനാലാണിത്.
ഒരു വീട്ടിൽ 80 വോട്ടുകളുണ്ടെന്നു രാഹുൽ ചൂണ്ടിക്കാട്ടിയത് ദേശീയ, പ്രാദേശിക മാധ്യമങ്ങൾ സ്ഥലത്തുചെന്നു ശരിവയ്ക്കുകയും ചെയ്തു. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ, സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിക്കപ്പെട്ടതായി തെളിവുസഹിതം ചൂണ്ടിക്കാട്ടിയിട്ടും അന്വേഷണം നടത്താതെ തെരഞ്ഞെടുപ്പു കമ്മീഷൻ ഒളിച്ചുകളിക്കുന്നതുതന്നെ ബിജെപിയുമായി ചേർന്നുള്ള കള്ളക്കളി വെളിപ്പെടുത്തുന്നുവെന്ന് കോണ്ഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പറഞ്ഞു.
വോട്ടർപട്ടികയിൽ കൃത്രിമം നടത്തിയെന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അദ്ദേഹം സത്യവാങ്മൂലമായി ഒപ്പുവച്ചു നൽകണമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ ആവശ്യം സത്യം മറയ്ക്കാനാണെന്ന് തൃണമൂൽ കോണ്ഗ്രസ്, ഡിഎംകെ, സിപിഎം അടക്കമുള്ള പാർട്ടികൾ കുറ്റപ്പെടുത്തി. സത്യവാങ്മൂലം സമർപ്പിക്കണമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ ആവശ്യത്തെ രാഹുലും പരിഹസിച്ചു.
ഭരണഘടനയെ മാനിച്ചു താൻ പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയുടെ നേതാവും ലോക്സഭയിലെ പ്രതിപക്ഷനേതാവുമാണ് രാഹുലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ മറക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.