റഷ്യക്ക് യുക്രെയ്ൻ ഭൂമി വിട്ടുകൊടുക്കേണ്ടിവരും: ട്രംപ്
Sunday, August 10, 2025 2:56 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത് ഈ മാസം 15ന് യുഎസ് സംസ്ഥാനമായ അലാസ്കയിൽ. ട്രംപാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയോട് അടുത്തുള്ള അലാസ്ക ഉചിതമായ വേദിയാണെന്ന് ക്രെംലിൻ വൃത്തങ്ങളും പറഞ്ഞു.
യുക്രെയ്നും റഷ്യയും പരസ്പരം ഭൂമി വിട്ടുകൊടുത്തുകൊണ്ടുള്ള വെടിനിർത്തൽ കരാറാണ് പരിഗണനയിലുള്ളതെന്ന് ട്രംപ് സൂചിപ്പിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിന് അദ്ദേഹം തയാറായില്ല.
2022 ഫെബ്രുവരിയിൽ ആരംഭിച്ച അധിനിവേശത്തോടെ യുക്രെയ്ന്റെ 20 ശതമാനം ഭൂമിയും റഷ്യൻ നിയന്ത്രണത്തിലാണ്. യുക്രെയ്നിലെ ലുഹാൻസ്, ഡോണറ്റ്സ്ക് പ്രദേശങ്ങൾ ഏതാണ്ട് പൂർണമായും സാപ്പോറിഷ്യ, ഖേർസൺ പ്രദേശങ്ങൾ ഭാഗികമായും റഷ്യൻ നിയന്ത്രണത്തിലാണ്.
ഇതിൽ ലുഹാൻസ്കും ഡോണറ്റ്സ്കും റഷ്യക്കു വിട്ടുകൊടുത്ത് സാപ്പോറിഷ്യ, ഖേർസൺ പ്രദേശങ്ങൾ യുക്രെയ്നു മടക്കി നല്കുന്ന പദ്ധതിയാണ് വെടിനിർത്തലിനായി പരിഗണിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. ബുധനാഴ്ച മോസ്കോയിൽ ചർച്ചയ്ക്കെത്തിയ ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിമു മുന്നിൽ പുടിനാണ് ഈ നിർദേശം വച്ചതെന്നും പറയുന്നു.
ഈ പദ്ധതിപ്രകാരം യുക്രെയ്നു വലിയ നഷ്ടമുണ്ടാകും. അതിനാൽ അംഗീകരിക്കില്ലെന്ന സൂചന യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി നല്കിക്കഴിഞ്ഞു.
പുടിൻ-ട്രംപ് ഉച്ചകോടിയിൽ സെലൻസ്കിയും പങ്കെടുക്കാനുള്ള സാധ്യതയുണ്ടെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചത്.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പുടിന് ട്രംപ് നല്കിയ സമയപരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. എന്നാൽ, ഭീഷണിപ്പെടുത്തിയതുപോലുള്ള സാന്പത്തിക ഉപരോധങ്ങൾ റഷ്യക്കെതിരേ പ്രഖ്യാപിക്കാൻ ട്രംപ് മുതിർന്നിട്ടില്ല.