പാക് സൈനിക മേധാവി വീണ്ടും അമേരിക്കയിലേക്ക്
Friday, August 8, 2025 2:40 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സേനാ മേധാവി ജനറൽ ആസിം മുൻ വരും ദിവസങ്ങളിൽ യുഎസ് സന്ദർശിക്കുമെന്നു റിപ്പോർട്ട്. ഇന്ത്യ-പാക് സംഘർഷത്തിനുശേഷം അദ്ദേഹം നടത്തുന്ന രണ്ടാമത്തെ യുഎസ് സന്ദർശനമായിരിക്കും ഇത്.
യുഎസിലെ ട്രംപ് ഭരണകൂടം പാക്കിസ്ഥാനുമായി അടുക്കുകയും ഇന്ത്യയെ ശത്രുവിനെപ്പോലെ കണ്ട് ഇറക്കുമതിതീരുവ വർധിപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.
ജൂലൈയിൽ നടത്തിയ ആദ്യസന്ദർശനത്തിൽ രാഷ്ട്രത്തലവന്മാർക്കു നല്കുന്ന സ്വീകരണമാണ് ജനറൽ മുനീറിന് പ്രസിഡന്റ് ട്രംപ് നൽകിയത്. വൈറ്റ്ഹൗസിൽ മുനീറിനു വിരുന്നൊരുക്കിയ ട്രംപ്, എണ്ണമേഖലയിലടക്കം പാക്കിസ്ഥാനുമായി അമേരിക്ക സഹകരിക്കുമെന്ന പ്രഖ്യാപനങ്ങൾ പിന്നീടു നടത്തി.
അമേരിക്കൻ സേനയിലെ സെൻട്രൽ കമൻഡാന്റ് മേധാവി ജനറൽ മൈക്കിൾ എറിക് കുറിള്ള കഴിഞ്ഞമാസം പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു. ‘നിഷാൻ ഇ ഇംതിയാസ്’ ബഹുമതി നല്കിയാണു പാക്കിസ്ഥാൻ അദ്ദേഹത്തെ ആദരിച്ചത്. ജനറൽ കുറിള്ളയുടെ സന്ദർശനത്തിന്റെ തുടർച്ചയായാണ് ജനറൽ മുനീർ അമേരിക്കയിലേക്കു വീണ്ടും പോകുന്നതെന്നും പറയുന്നു.