"വോട്ട് കൊള്ള'; തെരഞ്ഞെടുപ്പു കമ്മീഷനെതിരേ ഗുരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി
Friday, August 8, 2025 2:24 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മഹാരാഷ്ട്രയിലും കർണാടകയിലും ഹരിയാനയിലുമടക്കം വൻതോതിലുള്ള തെരഞ്ഞെടുപ്പു തട്ടിപ്പ് നടന്നതായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
2024ൽ അധികാരത്തിൽ തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 25 സീറ്റുകളേ മോഷ്ടിക്കേണ്ടിവന്നുള്ളൂവെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ 33,000ത്തിൽ താഴെ വോട്ടുകൾക്ക് 25 സീറ്റുകൾ ബിജെപി നേടിയെന്നും എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പു കമ്മീഷന്റെതന്നെ തെളിവുകൾ നിരത്തിയാണ്, ബിജെപിയുമായി ചേർന്നു കമ്മീഷൻ ലക്ഷക്കണക്കിന് വോട്ടുകൾ മോഷ്ടിച്ചെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ രാഹുൽ ഉന്നയിച്ചത്. വോട്ടുമോഷണം സംബന്ധിച്ച തെളിവുകളുടെ അണുബോംബ് താൻ വൈകാതെ പൊട്ടിക്കുമെന്ന് കഴിഞ്ഞയാഴ്ച പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചിരുന്നു.
ഹിരോഷിമയിൽ അണുബോംബ് വർഷിച്ചതിന്റെ വാർഷികപ്പിറ്റേന്നാണ് ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്ന നടപടികളുടെ രാഷ്ട്രീയ അണുബോംബ് പുറത്തുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ ആരോപണങ്ങൾ
☛ രേഖാമൂലം പരാതി നൽകിയില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം കള്ളം. പലതവണ നേരിട്ടു പരാതി എഴുതി നൽകിയിട്ടുണ്ട്.
☛ ഞാനൊരു രാഷ്ട്രീയക്കാരനാണ്. ജനങ്ങളോടാണു സംസാരിക്കുന്നത്. തെരഞ്ഞെടുപ്പ് തട്ടിപ്പിനെതിരേയുള്ള പോരാട്ടം ഒരു സത്യപ്രതിജ്ഞയായി എടുക്കുക.
☛ 2024ൽ പ്രധാനമന്ത്രി മോദിക്ക് ഭരണത്തുടർച്ചയ്ക്കു വേണ്ടിയിരുന്നത് 25 സീറ്റുകളിലെ ക്രമക്കേടുകൾ.
☛ തെരഞ്ഞെടുപ്പിന്റെ സമയക്രമങ്ങൾ തീരുമാനിക്കുന്നതുപോലും ബിജെപിക്ക് അനുകൂലമായി സംവിധാനം ചെയ്യപ്പെടുന്നു.
☛ മഹാരാഷ്ട്രയിൽ അഞ്ചു വർഷം ചേർത്തതിലും കൂടുതൽ വോട്ടർമാർ അഞ്ചു മാസത്തിൽ ചേർത്തതിൽ ക്രമക്കേട്.
☛ വൈകുന്നേരം അഞ്ചിനുശേഷം ചില മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം കുത്തനേ കൂടി. ഇതിനു പിന്നിൽ തട്ടിപ്പും ചതിയുമുണ്ട്.
☛ തെളിവുകൾ നശിപ്പിക്കാനായി ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചു. തെരഞ്ഞടുപ്പ് കമ്മീഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തി.
☛ വോട്ടർപട്ടികയുടെ ഡിജിറ്റൽ കോപ്പി നൽകാതെ കമ്മീഷൻ ഒളിക്കുന്നു. വോട്ടർപട്ടിക രാജ്യത്തിന്റെ സ്വത്താണ്. വോട്ടറുടെ അവകാശം
☛ ലക്ഷക്കണക്കിന് വോട്ടർമാരുടെ വിവരങ്ങൾ കംപ്യൂട്ടറിൽ എളുപ്പത്തിൽ ഒത്തുനോക്കാതിരിക്കുന്നതിനാണ് ഡിജിറ്റൽ വോട്ടർപട്ടിക നൽകാത്തത്.
☛ അഭിപ്രായ സർവേകളെയും എക്സിറ്റ് പോളുകളെയും തെറ്റിച്ച് ബിജെപി അപ്രതീക്ഷിത വൻ വിജയങ്ങൾ നേടുന്നു. ദുരൂഹവും സംശയാസ്പദവുമാണിത്.
☛ ഭരണഘടനയുടെ അടിസ്ഥാനമാണു വോട്ട്. ആ വോട്ടുകളുടെ സത്യം തകർത്തിരിക്കുന്നു. സുതാര്യതയും തെളിവുകളും ജനങ്ങളുടെ അവകാശം.
☛ ഭരണഘടനയും ജനാധിപത്യവും കോണ്ഗ്രസ് പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യും