ബലോണ്‍ പോര്
Thursday, August 7, 2025 11:03 PM IST
പാരീസ്: 2024-25 സീസണ് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്താനുള്ള ബലോണ്‍ ദോര്‍ പുരസ്കാരത്തിനുള്ള കളിക്കാരുടെ പട്ടിക പ്രഖ്യാപിച്ചു. 2024 ഓഗസ്റ്റ് ഒന്നു മുതല്‍ 2025 ജൂലൈ 31വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 2025 ബലോണ്‍ ദോര്‍ പുരസ്കാരം ജേതാക്കളെ പ്രഖ്യാപിക്കുക.
ലോകത്തിലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോളറിനുള്ള പുരസ്കാര സാധ്യതാ പട്ടികയില്‍ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ സ്വദേശിതാരം ഉസ്മാന് ഡെംബെലെ, ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല, സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ സ്വദേശി കൗമാരക്കാരന് ലാമിന് യമാല്‍, റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെ, ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഗം തുടങ്ങി 30 താരങ്ങളാണുള്ളത്.
പ്രഖ്യാപനം സെപ്റ്റംബര്‍ 22ന്
2025 ബലോണ്‍ ദോര്‍ പുരസ്കാര ജേതാക്കളെ സെപ്റ്റംബര്‍ 22നാണ് പ്രഖ്യാപിക്കുക. ഫ്രാന്‍സിനായും പിഎസ്ജിക്കായും മികച്ച പ്രകടനം കാഴ്ചവച്ച ഉസ്മാന് ഡെംബെലെയാണ് ബലോണ്‍ ദോര്‍ പുരസ്കാര സാധ്യതയില്‍ മുന്നിലുള്ളത്. ക്ലബ്ബിനും രാജ്യത്തിനുമായി 2024-25 സീസണില്‍ ഡെംബെലെ 36 ഗോള്‍ നേടുകയും 13 അസിസ്റ്റ് നടത്തുകയും ചെയ്തു. പിഎസ്ജിയെ കന്നി യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും 2025 ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിലും എത്തിച്ചതില്‍ ഡെംബെലെ നിര്‍ണായക പങ്കു വഹിച്ചിരുന്നു.
ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിനെ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ എത്തിച്ചതില്‍ മുഹമ്മദ് സലയുടെ പങ്ക് നിര്‍ണായകമായിരുന്നു. 2024-25 സീസണില്‍ 52 മത്സരങ്ങളില്‍നിന്ന് 36 ഗോളും 23 അസിസ്റ്റും സല നടത്തി. സ്പാനിഷ് ലാ ലിഗ ചാമ്പ്യന്മാരായ ബാഴ്സലോണയ്ക്കുവേണ്ടി 2024-25 സീസണില്‍ 50 മത്സരങ്ങളില്‍നിന്ന് 16 ഗോളും 16 അസിസ്റ്റും യമാല്‍ നടത്തിയിട്ടുണ്ട്.
റൊണാള്‍ഡോ, മെസി ഇല്ല
പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും തുടര്‍ച്ചയായ രണ്ടാം തവണയും ബലോണ്‍ ദോര്‍ 30 അംഗ സാധ്യതാ പട്ടികയില്‍ ഇടംനേടിയില്ല. യുവേഫ നേഷന്‍സ് ലീഗ് ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ ടീമില്‍ അംഗമായിരുന്നു റൊണാള്‍ഡോ.
എര്‍ലിംഗ് ഹാലണ്ട് (മാഞ്ചസ്റ്റര്‍ സിറ്റി, നോര്‍വെ), അച്രാഫ് ഹക്കിമി (പിഎസ്ജി, മൊറോക്കോ), ഡെന്‍സില്‍ ഡെംഫ്രിസ് (ഇന്റര്‍ മിലാന്, നെതര്‍ലന്‍ഡ്സ്), ജിയാന്‍ലുയിജി ഡോണറുമ (പിഎസ്ജി, ഇറ്റലി), ഹാരി കെയ്ന്‍ (ബയേണ്‍ മ്യൂണിക്, ഇംഗ്ലണ്ട്), റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (ബാഴ്സലോണ, പോളണ്ട്), അലക്സിസ് മക് അല്ലിസ്റ്റര്‍ (ലിവര്‍പൂള്‍, അര്‍ജന്റീന), ലൗതാരോ മാര്‍ട്ടിനെസ് (ഇന്റര്‍ മിലാന്, അര്‍ജന്റീന), പെദ്രി (ബാഴ്സലോണ, സ്പെയിന്), റാഫീഞ്ഞ (ബാഴ്സലോണ, ബ്രസീല്‍), ഫാബിയന്‍ റൂയിസ് (പിഎസ്ജി, സ്പെയിന്), വിനീഷ്യസ് ജൂണിയര്‍ (റയല്‍ മാഡ്രിഡ്, ബ്രസീല്‍), വിര്‍ജില്‍ വാൻഡിക് (ലിവര്‍പൂള്‍, നെതര്‍ലന്‍ഡ്സ്) തുടങ്ങിയവരും 30 അംഗ പട്ടികയിലുണ്ട്.