ഐഎസ്എല്‍ അനിശ്ചിതത്വം തുടരുന്നു
Thursday, August 7, 2025 11:03 PM IST
ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നാം ഡിവിഷന് ക്ലബ് ഫുട്ബോളായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2025-26 സീസണ് അനിശ്ചിതത്വം തുടരുന്നതിനിടെ സൂപ്പര്‍ കപ്പ് നടത്താനൊരുങ്ങി എഐഎഫ്എഫ് (ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്).
ഐഎസ്എല്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി എഐഎഫ്എഫ് ക്ലബ് പ്രതിനിധികളുമായി ഇന്നലെ നടത്തിയ അടിയന്തര യോഗത്തിലാണ് സൂപ്പര്‍ കപ്പ് നടത്താനുള്ള തീരുമാനം അറിയിച്ചത്.
ഐഎസ്എല്‍ 2025-26 സീസണ് എന്ന് ആരംഭിക്കുമെന്നതിനെ കുറിച്ച് ഉത്തരം നല്‍കാത്ത എഐഎഫ്എഫ്, സെപ്റ്റംബര്‍-ഡിസംബറില്‍ സൂപ്പര്‍ കപ്പ് നടത്താനുള്ള നീക്കം ആരംഭിച്ചു.
പ്രതിസന്ധിക്ക് അയവുവരുത്താന്‍
ഐഎസ്എല്‍ 2025-26 സീസണ് ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍, ക്ലബ്ബുകളില്‍ രൂക്ഷമായിരിക്കുന്ന പ്രതിസന്ധിക്ക് അയവുവരുത്താനാണ് എഐഎഫ്എഫ് സൂപ്പര്‍ കപ്പ് പ്രഖ്യാപിച്ചതെന്നതാണ് വാസ്തവം. ഐഎസ്എല്ലിന്റെ സ്ലോട്ടിലാണ് നിലവില്‍ സൂപ്പര്‍ കപ്പ് നടത്തുക.
2024-25 സീസണ് ഐഎസ്എല്ലിനിടെ ഏപ്രില്‍ - മേയിലായിരുന്നു 2025 സൂപ്പര്‍ കപ്പ് അരങ്ങേറിയത്. എന്നാല്‍, നിലവിലെ തീരുമാനം അനുസരിച്ച്, ഈ കലണ്ടര്‍ വര്‍ഷത്തിലെ രണ്ടാമത്തെ സൂപ്പര്‍ കപ്പിനു കളമൊരുങ്ങുകയാണെന്നതാണു ശ്രദ്ധേയം.
സൂപ്പര്‍ കപ്പ് ജേതാക്കള്‍ക്ക് എഎഫ്സി ചാമ്പ്യന്‍സ് ലീഗ് രണ്ടിന്റെ പ്രിലിമിനിറി റൗണ്ടിലേക്കു യോഗ്യത ലഭിക്കും. 2025 മേയില്‍ അവസാനിച്ച സൂപ്പര്‍ കപ്പില്‍ എഫ്സി ഗോവയാണ് ചാമ്പ്യന്മാരായത്.
ഐഎസ്എല്‍ ഈ വര്‍ഷം നടക്കും
“കുറച്ചു താമസിച്ചാണെങ്കിലും ഈ വര്‍ഷംതന്നെ ഐഎസ്എല്‍ നടക്കും. ഫോര്‍മാറ്റ് ഉള്‍പ്പെടെയുള്ള ചില മാറ്റങ്ങളിലൂടെ മാത്രമേ ഇതു സാധ്യമാകൂ. അക്കാര്യം വരുംദിനങ്ങളിലെ ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ വ്യക്തമാകൂ. 10 ദിവസത്തിനുള്ളില്‍ അടുത്ത യോഗം നടക്കും.’’ - എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ പറഞ്ഞു.
ഐഎസ്എല്ലിലെ മുഴുവന്‍ ക്ലബ്ബുകളുടെയും പ്രതിനിധികള്‍ ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തു. മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍, ഒഡീഷ എഫ്സി ടീമുകളുടെ പ്രതിനിധികള്‍ വെര്‍ച്വലായാണ് യോഗത്തില്‍ സംബന്ധിച്ചത്.